മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ഒരു വനിതാ യാത്രക്കാരിക്ക് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ 500 രൂപ പിഴ ചുമത്തിയത്. ഏപ്രിൽ 26 ശനിയാഴ്ച മഡവര സ്റ്റേഷനിൽ നിന്ന് മഗഡി റോഡിലേക്ക് യാത്ര ചെയ്യാൻ മെട്രോയിൽ കയറിയ യാത്രക്കാരി ഭക്ഷണം കഴിക്കുന്നത് ഒരു സഹയാത്രികൻ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ആണ് പ്രചരിക്കപ്പെട്ടത്.മെട്രോ നിയമങ്ങൾ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ മഡവര സ്റ്റേഷനിൽ വെച്ച് ഈ സ്ത്രീയെ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.
ബെംഗളൂരു മെട്രോ ട്രെയിനിലും പരിസരത്തും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് അനുവദനീയമല്ല.ശുചിത്വം നിലനിർത്തുന്നതിനും മാലിന്യം തള്ളുന്നത് തടയുന്നതിനുമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. എല്ലാ യാത്രക്കാർക്കും സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ യാത്രക്കാർ നിയമങ്ങൾ പാലിക്കണമെന്ന് മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു.