ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ അർഹനായി.എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു പതിച്ച ശിൽപവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്കാരം. ആധുനിക വയനാടിന്റെ ശിൽപി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്‌മരണയ്ക്കായി മകൻ എം.പി. വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്.
നാടോടിപ്പാട്ടുകൾ, ജനകീയ ഗാനങ്ങൾ, നാടൻശീലുകൾ, നാട്ടുതാളങ്ങൾ, നാട്ടറിവുകൾ തുടങ്ങിയവയിൽനിന്നെല്ലാം തോറ്റിയെടുത്ത ഭാവപ്രധാനമായ കവിതകളായാണ് ലീലാകൃഷ്ണന്റെ കാവ്യലീല പ്രകാശിക്കപ്പെടുന്നത്. സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും ഒരുപോലെ അതിൽ നൃത്തം ചെയ്യുന്നു. നിലാസാധകം, ആലങ്കോടിന്റെ കവിതകൾ തുടങ്ങിയ കവിതാ സമാഹാരങ്ങൾ കൂടാതെ നിളയുടെ തീരങ്ങളിലൂടെ, പിയുടെ പ്രണയപാപങ്ങൾ, മനുഷ്യനെ തൊടുന്ന വാക്ക്, മനുഷ്യൻ സുന്ദരനാണ്, സഞ്ചാരിയുടെ വഴിയമ്പലങ്ങൾ തുടങ്ങിയ പഠനഗ്രന്ഥങ്ങളും ലീലാകൃഷ് ണന്റേതായുണ്ട്.ഇദ്ദേഹം സൗത്ത് മലബാർ ഗ്രാമീണബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.