ഒഡീഷയിൽനിന്നു വിൽപ്പനയ്ക്കായി രഹസ്യമായി കടത്തിക്കൊണ്ടു വന്ന 1.885 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. മാള മടത്തുംപടി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ജസ്റ്റിൻ (25) ആണ് പിടിയിലായത്. ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് യാത്രക്കാരനായ ജസ്റ്റിന്റെ കൈയ്യിലുണ്ടായിരുന്ന ട്രാവൽബാഗിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയിൽനിന്നു കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വാഹന പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പൊലിസിന്റെ വാഹന പരിശോധന കണ്ട് ജസ്റ്റിൻ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.