Drisya TV | Malayalam News

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ

 Web Desk    30 Apr 2025

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുൻ മേധാവി അലോക് ജോഷിയെ സമിതി ചെയർമാനായി നിയമിച്ചു. സൈനിക, സായുധ സേന, പൊലീസ് വിഭാഗങ്ങളില്‍നിന്നു വിരമിച്ചവർ ഉൾപ്പെടുന്ന പുതിയ ഏഴംഗ ബോർഡിനെയാണ് അലോക് ജോഷി നയിക്കുക.

സൈനിക സേവനങ്ങളിൽനിന്നു വിരമിച്ച മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പി.എം. സിൻഹ, മുൻ ദക്ഷിണ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എ.കെ. സിങ്, റിയർ അഡ്മിറൽ മോണ്ടി ഖന്ന എന്നിവര്‍ ബോർഡിലെ പുതിയ അംഗങ്ങളാണ്. ഇന്ത്യൻ പൊലീസ് സർവീസിൽനിന്നു വിരമിച്ച രാജീവ് രഞ്ജൻ വർമ്മയും മൻമോഹൻ സിങ്ങും നവീകരിച്ച ഈ ബോർഡിന്റെ ഭാഗമാണ്. ഇന്ത്യൻ വിദേശകാര്യ സർവീസിൽനിന്നു വിരമിച്ച ബി. വെങ്കിടേഷ് വർമ്മയാണ് മറ്റൊരു അംഗം.

പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നു രാവിലെ കാബിനറ്റ് സുരക്ഷാ സമിതിയുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇത്തരത്തിൽ മുമ്പ് ചേർന്ന യോഗത്തിലാണ് പാക്കിസ്ഥാനെതിരെയുള്ള നയതന്ത്ര നടപടികൾ സ്വീകരിച്ചത്.

  • Share This Article
Drisya TV | Malayalam News