Drisya TV | Malayalam News

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

 Web Desk    30 Apr 2025

ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്ത കേസിൽ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് പ്രത്യേക കോടതി ജഡ്ജി എ.ഷാജഹാനാണ് ശിക്ഷ വിധിച്ചത്. 

പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കൊലപാതകം, കൂട്ടംകൂടിയുള്ള ആക്രമണം, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കുമേൽ ചുമത്തിയത്. ഒട്ടകം രാജേഷ് 3 കൊലപാതകമടക്കം 18 കേസുകളിൽ പ്രതിയാണ്. പ്രതികളുടെ ഭീഷണിയെത്തുടർന്ന് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. പ്രതികളുടെ വസ്ത്രങ്ങളിലും ആയുധങ്ങളിലും നിന്ന് സുധീഷിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകൾ ലഭിച്ചതു നിർണായകമായി.

2021 ഡിസംബർ 11നാണു കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതി സുധീഷ് ഉണ്ണിയെ മുൻപ് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഒളിവിൽ താമസിച്ചിരുന്ന സുധീഷ് സംഭവ ദിവസം അക്രമികളെ കണ്ട് ഭയന്നോടി ബന്ധുവായ സജീവിന്റെ വീട്ടിലേക്കു കയറി. പിന്തുടർന്നെത്തിയ സംഘം അതിക്രമിച്ചു കയറി കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് സുധീഷിനെ വെട്ടുകയായിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് ഇരുസംഘങ്ങളും തമ്മിലുള്ള ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News