Drisya TV | Malayalam News

സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിൽ രാത്രികാല ഷിഫ്റ്റുകളിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിലുള്ള നിബന്ധനകളിൽ സർക്കാർ ഇളവ് വരുത്തുന്നു

 Web Desk    28 Nov 2026

സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളിൽ രാത്രികാല ഷിഫ്റ്റുകളിൽ വനിതാ ജീവനക്കാരെ നിയമിക്കുന്നതിലെ എണ്ണത്തിലുള്ള നിബന്ധനകളിൽ സർക്കാർ ഇളവ് വരുത്തുന്നു. ഇതിനായി കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.നിലവിലുള്ള വ്യവസ്ഥ പ്രകാരം രാത്രി ഒമ്പത് മണിക്ക് ശേഷം സ്ത്രീകളെ ജോലിക്ക് വെക്കണമെങ്കിൽ ആകെ അഞ്ച് ജീവനക്കാരെങ്കിലും ഷിഫ്റ്റിൽ ഉണ്ടാകണം, ഇതിൽ രണ്ടുപേർ സ്ത്രീകളായിരിക്കണമെന്നായിരുന്നു ചട്ടം. പുതിയ ഭേദഗതി വരുന്നതോടെ ആകെ അഞ്ച് ജീവനക്കാർ വേണമെന്ന നിബന്ധന ഒഴിവാകുകയും പകരം കുറഞ്ഞത് രണ്ട് വനിതാ ജീവനക്കാർ മാത്രം ഉണ്ടായാൽ മതിയാവുകയും ചെയ്യും.

സംസ്ഥാനത്തെ 95 ശതമാനത്തോളം സ്ഥാപനങ്ങളിലും അഞ്ചിൽ താഴെ മാത്രമാണ് ജീവനക്കാരുള്ളത്. നിലവിലെ നിബന്ധന ചെറുകിട കടകൾക്കും സ്ഥാപനങ്ങൾക്കും വലിയ തടസ്സമായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുകയുമാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.അതേസമയം, ഏതെങ്കിലും സ്ഥാപനത്തിലെ സാഹചര്യം സ്ത്രീകളുടെ സുരക്ഷയ്ക്കോ ആരോഗ്യത്തിനോ ഭീഷണിയാണെന്ന് കണ്ടാൽ അവിടെ രാത്രികാല ജോലി നിരോധിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്‌തമായിരിക്കും.

രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയുള്ള സമയങ്ങളിൽ ജോലിക്ക് നിയോഗിക്കുന്നതിന് വനിതാ ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. ആരെയും നിർബന്ധിച്ച് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യിക്കാൻ പാടില്ല. കുറഞ്ഞത് രണ്ട് സ്ത്രീകൾ അടങ്ങുന്ന സംഘമായി മാത്രമേ ഇവരെ ജോലിക്ക് നിയോഗിക്കാവൂ. ജോലി കഴിഞ്ഞ് ജീവനക്കാരെ വീട്ടുപടിക്കൽ സുരക്ഷിതമായി എത്തിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. ഇതിനായി ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ ജി.പി.എസ്, സി.സി.ടി.വി കാമറ, സുരക്ഷാ ജീവനക്കാരൻ എന്നിവ ഉണ്ടായിരിക്കണം. ഡ്രൈവർമാരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കുകയും പശ്ചാത്തല പരിശോധന നടത്തുകയും വേണം.

യാത്രാ റൂട്ടുകൾ ക്രമീകരിക്കുമ്പോൾ ഒരു വനിതാ ജീവനക്കാരിയെ ആദ്യം വാഹനത്തിൽ കയറ്റുകയും ഏറ്റവും അവസാനം ഇറക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം.സ്ഥാപനത്തിന് അകത്തും പുറത്തും മതിയായ വെളിച്ചവും സി.സി.ടി.വി നിരീക്ഷണവും ഉറപ്പാക്കേണ്ടതും ദൃശ്യങ്ങൾ കുറഞ്ഞത് 45 ദിവസം സൂക്ഷിക്കേണ്ടതുമാണ്.പകൽ ഷിഫ്റ്റിൽ നിന്ന് രാത്രി ഷിഫ്റ്റിലേക്കോ തിരിച്ചോ മാറുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായി 12 മണിക്കൂർ വിശ്രമം അനുവദിക്കണം. വനിതാ ജീവനക്കാരുടെ ഫോൺ നമ്പർ, മേൽവിലാസം, ഇമെയിൽ തുടങ്ങിയ വ്യക്തിവിവരങ്ങൾ നിയമാനുസൃതമായ അധികാരികൾക്കല്ലാതെ മറ്റാർക്കും കൈമാറാൻ പാടില്ലെന്നും ബില്ലിൽ കർശനമായി വ്യവസ്ഥ ചെയ്യുന്നു.

  • Share This Article
Drisya TV | Malayalam News