തമിഴ്നാട്ടിലെ മധുര ജില്ലയിലെ തിരുപ്പറംകുൺട്രം മലയിലെ ദീപത്തൂണിൽ നാളെ കാർത്തികദീപം തെളിയിക്കാൻ സുപ്രീംകോടതി നിർദേശം. ദീപത്തൂണിൽ 24നു കാർത്തികദീപം തെളിക്കാൻ നിർദേശിച്ച ഉത്തരവു പാലിക്കാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. നിർദേശം മനഃപൂർവം ലംഘിച്ചതായി കോടതി പറഞ്ഞു. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ക്ഷേത്ര ട്രസ്റ്റിമാർ എന്നിവരുൾപ്പെടെ ഉള്ളവർക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചു.
ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സുപ്രീം കോടതി സസ്‌പെൻഡ് ചെയ്തു. മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവരെ റിസീവർമാരായി നിയമിച്ചു. ക്ഷേത്രത്തിന്റെയും തിരുപ്പറംകുൺട്രം കുന്നിന്റെയും സുരക്ഷ സിആർപിഎഫിന് കൈമാറി. നവംബർ 24ന് ഒറ്റത്തവണത്തേക്ക് ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ ദീപം തെളിയിച്ചെങ്കിലും കുന്നിൻമുകളിലെ ദീപത്തൂണിൽ തെളിയിച്ചിരുന്നില്ല. ഇതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.
തമിഴ്‌നാട്ടിലെ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞയ്ക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ നിശബ്ദരായി ഇരിക്കാനാവില്ല. ഭരണഘടനാപരമായ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് മധുര ജില്ലാ കലക്ടറും സർക്കാരും മനഃപൂർവം ലംഘിച്ചതായുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.
ക്ഷേത്രം ദേവസ്ഥാനം ട്രസ്റ്റികൾ അനുമതി നൽകാത്തതുകൊണ്ടാണു ദീപത്തൂൺ തെളിക്കാൻ കഴിയാതിരുന്നതെന്നാണ് കലക്ടർ കോടതിയെ അറിയിച്ചത്. മനഃപൂർവം ഉത്തരവു ലംഘിച്ചിട്ടില്ലെന്നും ദീപം തെളിക്കാൻ എല്ലാശ്രമവും നടത്തിയെന്നും കലക്ടർ വ്യക്തമാക്കി. ഖേദവും അറിയിച്ചു. ദീപം തെളിക്കാത്തതിനെത്തുടർന്നു പ്രതിഷേധിച്ച ബിജെപി, സംഘപരിവാർ സംഘടനകളുടെ 300 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.