Drisya TV | Malayalam News

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കുള്ള മുൻഗണനാ റേഷൻകാർഡുകൾ തിരിച്ചേൽപ്പിക്കാൻ റെയിൽവേ ജീവനക്കാർക്ക്‌ നിർദേശം

 Web Desk    15 Nov 2026

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കുള്ള മുൻഗണനാ റേഷൻകാർഡുകൾ തിരിച്ചേൽപ്പിക്കാൻ 1.82 ലക്ഷം റെയിൽവേ ജീവനക്കാർക്ക്‌ നിർദേശം. എല്ലാ സോണുകളിലും ഇതുസംബന്ധിച്ച് പരിശോധന നടത്താനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ 1,82,283 റെയിൽവേ ജീവനക്കാരെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന റേഷൻകാർഡ്‌ ഉടമകളുടെ പട്ടികയിൽ കണ്ടെത്തിയിരുന്നു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യങ്ങൾക്ക് അർഹരല്ല. കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിൽനിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ഈ ഉത്തരവിറക്കിയത്.

നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് (എൻ.എഫ്.എസ്.എ.) കാർഡുടമകളുടെ പട്ടികയിൽ റെയിൽവേ ജീവനക്കാരുടെ പേരുകൾ വന്നത് റെയിൽവേ പരിശോധിക്കും. ഇവർ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടോ എന്നത് കണ്ടെത്തും. പട്ടികയിലെ പേരും രേഖകളും തമ്മിൽ സാമ്യമുള്ളതുകൊണ്ടുമാത്രം എല്ലാവരും സഹായ (സബ്സിഡി) നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന് റെയിൽവേ കണക്കാക്കുന്നില്ല.

റേഷൻകാർഡ് വഴി ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിൽ ഇത് വ്യക്തമാക്കി സത്യപ്രസ്താവന സമർപ്പിക്കാൻ റെയിൽവേ നിർദേശിച്ചു. ഇത് അറിയാത്തവരുണ്ടെങ്കിൽ അവരെ ബോധവത്കരിക്കാനും സോണലുകൾക്ക് നിർദേശം നൽകി. ജോലി ലഭിക്കുംമുമ്പ് ആനുകൂല്യം ലഭിക്കുന്ന കാർഡുകളുണ്ടായവർ അത് തുടരുന്നതും മറ്റും ഇതിന് കാരണമായതാകാം എന്നാണ് വിലയിരുത്തുന്നത്.

  • Share This Article
Drisya TV | Malayalam News