Drisya TV | Malayalam News

തനിഷ്ക് ജ്വല്ലറി കവർച്ചക്കേസ്:കവർച്ച നടത്തിയത് വീടു പണിയാൻ

 Web Desk    15 Nov 2026

തനിഷ്ക് ജ്വല്ലറി കവർച്ചക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺസുഹൃത്തും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മീനാക്ഷിയുടെ വീടുപണി പൂർത്തിയാക്കാനും കടം വീട്ടാനുമായാണ് മുഖ്യപ്രതി നിശാന്ത് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ്. ജ്വല്ലറിയിൽനിന്ന് 21 കോടി രൂപ വിലമതിക്കുന്ന സ്വർണവും വജ്രവും കവർന്ന കേസിൽ നിശാന്തിനായി അന്വേഷണം തുടരുകയാണ്. രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം, അറസ്റ്റിലായ, നിശാന്തിന്റെ പിതാവ് സുരേഷ്, സുഹൃത്ത് മീനാക്ഷി എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തിരുപ്പൂരിലാണ് അവസാനമായി നിശാന്തിന്റെ ഫോൺ ഓൺ ആയിട്ടുള്ളത്. 

മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം മദകുളം ടാങ്കിന് സമീപമുള്ള പാടത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തിനുശേഷമാണ് നിശാന്ത് മോഷണത്തിനിറങ്ങിയത്. ഇതിനായി പലതവണ നിശാന്ത് ജ്വല്ലറിയിലെത്തി സ്ഥലം മനസ്സിലാക്കി. നവംബർ 5ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ ജ്വല്ലറിയുടെ ലിറ്റ്സ് മെയിന്റനൻസ് ഏരിയയിലൂടെ മുകൾനിലയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് നവംബർ 12ന് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾക്കായി നിർമിച്ചിട്ടുള്ള ചെറിയ വാതിലിലൂടെ ഉള്ളിൽക്കടന്ന നിശാന്ത് ലിഫ്റ്റിന്റെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കയറിലൂടെ ഊർന്നിറങ്ങി പാർക്കിങ് ഗ്രൗണ്ടിന് മുകളിലുള്ള ഒന്നാംനിലയിൽ എത്തുകയായിരുന്നു.

മോഷണ മുതൽ മീനാക്ഷിക്കൊപ്പം ചേർന്ന് മദകുളം ടാങ്കിന് സമീപത്തെ തന്റെ വയലിൽ ഒളിപ്പിക്കാനായിരുന്നു നിശാന്തിന്റെ പദ്ധതി. ഇതിനായി പിതാവിനെ തിരുപ്പറങ്കുണ്ട്രത്തെ പാലത്തിനു സമീപം വിളിച്ചുവരുത്തി സ്വർണം ഏൽപ്പിച്ചു. പിറ്റേന്ന് പിതാവിനൊപ്പം ഓട്ടോയിൽ വയലിലെത്തി മോഷണമുതലിന്റെ ഒരു ഭാഗം കുഴിച്ചിട്ട ശേഷം മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രവും കൈയുറകളും മറ്റും കത്തിച്ച് നശിപ്പിക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന സ്വർണവുമായി പിന്നീട് നിശാന്ത് രക്ഷപ്പെട്ടു.  

സിസിടിവി ദൃശ്യങ്ങളും നിശാന്തും സുരേഷും വസ്ത്രങ്ങൾ കത്തിക്കുന്നത് കണ്ടയാളുടെ മൊഴിയുമാണ് പ്രതികളെ കുടുക്കിയത്. മോഷണത്തിനായി മീനാക്ഷിയുടെ സ്കൂട്ടറിലാണ് നിശാന്ത് പോയിരുന്നത്. നിശാന്തിന്റെ കയ്യിൽ പച്ചകുത്തിയിരുന്നത് സിസിടിവിയിൽ വ്യക്തമായതും നിർണായകമായി. സംശയാസ്പദമായ രീതിയിൽ ജ്വല്ലറിയുടെ സമീപത്തുകണ്ട ഇയാളുടെ ദൃശ്യങ്ങൾ ജ്വല്ലറി ജീവനക്കാരും തിരിച്ചറിഞ്ഞു. ഇതോടെ അന്വേഷണം നിശാന്തിലേക്കും തുടർന്ന് പിതാവിലേക്കും മീനാക്ഷിയിലേക്കും എത്തുകയായിരുന്നു.

മീനാക്ഷിയുടെ യൂട്യൂബ് ചാനൽ ഇരുവരും ചേർന്നാണ് നടത്തുന്നത്. മധുരൈയിലെ അമേരിക്കൻ കോളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് പഠിക്കുമ്പോഴാണ് മീനാക്ഷിയും നിശാന്തും പരിചയപ്പെടുന്നത്. തുടർന്ന് നിശാന്ത് പഠനം ഉപേക്ഷിച്ചെങ്കിലും ഇരുവരും ബന്ധം തുടർന്നു. വിഡിയോ എഡിറ്ററാണ് നിശാന്ത്.

  • Share This Article
Drisya TV | Malayalam News