ജീവനക്കാർക്കുള്ള സ്വയം വിരമിക്കൽ പദ്ധതി വ്യാപിപ്പിച്ച് ഗൂഗിൾ. അഞ്ച് രാജ്യങ്ങളിലെ ജീവനക്കാരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാക്കേജ് വിപുലീകരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ ടീമുകളെയാണ് ഏറ്റവും പുതിയ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമിതബുദ്ധി (എഐ) രംഗത്തെ നിക്ഷേപം വർധിപ്പിക്കുക, ചെലവ് ചുരുക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ളതാണ് പദ്ധതി.2025-ന്റെ തുടക്കത്തിൽ ചില ടീമുകളിൽ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നുവെന്നും, ജൂണിൽ അത് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്‌തതെന്നും ഗൂഗിൾ വക്താവ് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.
ഗൂഗിളിന്റെ എല്ലാ വിഭാഗങ്ങളിലും ഈ പാക്കേജ് ലഭ്യമല്ല. എഐ ഗവേഷണ വിഭാഗമായ ഡീപ് മൈൻഡ് (DeepMind), ഗൂഗിൾ ക്ലൗഡ് (Google Cloud) എന്നിവ ഈ പദ്ധതിയുടെ പരിധിയിൽ വരില്ലെന്നാണ് സൂചന.മറ്റുചില പ്രത്യേക മേഖലകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ പുനഃസംഘടിപ്പിക്കാനോ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് എഐയ്ക്കായുള്ള ചെലവുകൾ വർധിപ്പിച്ചു വരികയാണ്. ഇത് നിക്ഷേപ പദ്ധതികൾക്കൊപ്പം ചെലവുകളും കർശനമായി നിയന്ത്രിക്കാൻ കമ്പനി നീക്കം നടത്തുന്നുണ്ട്.
ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം എന്ന കണക്കിലാണ് എക്സിറ്റ് പാക്കേജ് എന്നാണ് പുറത്തുവരുന്ന വിവരം. പരമാവധി 12 മാസത്തെ ശമ്പളം വരെ ഇതിന്റെ ഭാഗമായി ലഭിക്കും. ഏകദേശം 50 ജീവനക്കാരുള്ള ഒരു ടീമിൽ നിന്ന് കുറഞ്ഞത് നാല് പേരെങ്കിലും ഈ ഓഫർ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.