സൂര്യപ്രകാശം വിൽക്കാനുളള പദ്ധതിയുമായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി. ഇരുട്ടാകുമ്പോൾ സൂര്യപ്രകാശം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്നതിനായി ഭീമൻ കണ്ണാടികൾ ബഹിരാകാശത്ത് വിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ല റിഫ്ലക്ട്‌ട് ഓർബിറ്റൽ എന്ന കമ്പനിയാണ് പദ്ധതിക്ക് പിന്നിൽ. സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിൻ്റെ ഭാഗമായി രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്കായി കമ്പനി ഇന്ത്യയുടെ റൂട്ട് എയ്റോസ്പേസുമായി കരാറിൽ ഒപ്പിട്ടു.സൂര്യൻ മറയുന്ന സ്ഥലങ്ങളിൽ പ്രകാശം ലഭിക്കുന്നതിനായി 18x18 മീറ്റർ കണ്ണാടികൾ ഭ്രമണപഥത്തിൽ സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. ഈ കണ്ണാടികൾ അഞ്ച് കിലോമീറ്റർവരെ പ്രകാശം പ്രതിഫലിപ്പിക്കും. പണം നൽകുന്നവർക്ക് പ്രകാശം നൽകുന്നതിനായി സ്റ്റിയറബിൾ മിററുകൾ ക്രമീകരിക്കുമെന്ന് കമ്പനി പറയുന്നു.
സോളാർ ഫാമുകൾക്ക് കൂടുതൽ നേരം വൈദ്യുതി ഉത്പ്പാദിപ്പിക്കാനും, ദുരന്തബാധിത പ്രദേശങ്ങളിൽ വെളിച്ചം വീശാനും, രക്ഷാപ്രവർത്തനത്തിൽ സഹായിക്കുകയും ചെയ്യുന്ന ഒരു ഓൺ - ഡിമാൻഡ് സേവനത്തിലേക്ക് സൂര്യപ്രകാശം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു. ഉദ്ഘാടന ദൗത്യം 2027 പകുതിയോടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.2035ഓടെ 50,000 ഉപഗ്രഹങ്ങൾ നിർമിക്കുകയാണ് റിഫ്ലക്ട് ഓർബിറ്റലിന്റെ ലക്ഷ്യം. സൂര്യനിൽ നിന്ന് പ്രതിഫലിപ്പിക്കുന്ന വെളിച്ചം ചന്ദ്രന്റെ പ്രകാശത്തിന് സമാനമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഡെമോസ്ട്രേഷൻ ഉപഗ്രഹമായ ഇയർൻഡിൽ-1 ആണ് പദ്ധതിക്കായി ഉപയോഗിക്കുക. ഉപഭോക്താക്കൾക്ക് ആപ്പുകൾ ഉപയോഗിച്ച് സൂര്യപ്രകാശം ലഭിക്കാനുള്ല പ്രദേശം തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും കമ്പനി വിശദീകരിച്ചു.