Drisya TV | Malayalam News

പെട്രോൾ കയറ്റുമതിക്കുള്ള അധിക എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

 Web Desk    31 Oct 2026

പെട്രോൾ കയറ്റുമതിക്കുള്ള അധിക എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവ വർധിപ്പിച്ചു. ശനിയാഴ്ച ധനകാര്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പുതുക്കിയ നിരക്കുകൾ ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും.പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് ഏർപ്പെടുത്തിയിരുന്ന 2.50 രൂപയുടെ പ്രത്യേക അധിക എക്സൈസ് തീരുവയാണ് പൂർണമായി ഒഴിവാക്കിയത്. ഡീസൽ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 8.50 രൂപയിൽനിന്ന് 11.50 രൂപയായി ഉയർത്തി. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 10.50 രൂപയിൽനിന്ന് 11 രൂപയാക്കി.

പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള ഇന്ധനവിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് കയറ്റുമതി തീരുവകളിൽ മാറ്റം വരുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയർന്നതോടെ ആഭ്യന്തര ആവശ്യത്തിനുള്ള ഇന്ധനം വിദേശത്തേക്ക് കൂടുതൽ കയറ്റുമതി ചെയ്യുന്നത് നിയന്ത്രിക്കുകയായിരുന്നു നേരത്തേ തീരുവ ഏർപ്പെടുത്തിയതിന്റെ ലക്ഷ്യം. ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് ഇന്ധനം ലഭ്യമാക്കുന്നതിനൊപ്പം ആഗോള വിപണിയിലെ വിലമാറ്റങ്ങൾക്കനുസരിച്ച് തീരുവകൾ ക്രമീകരിക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നു.പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണത്തെയും ബാധിച്ചിരുന്നു. ഇതോടെ മറ്റു രാജ്യങ്ങളിൽനിന്ന് എണ്ണ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News