Drisya TV | Malayalam News

ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയൊരുക്കി ദുബൈ

 Web Desk    25 Oct 2026

ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയൊരുക്കി ദുബൈ. നീളമേറിയ ഈ അത്ഭുതപാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് ഒരുങ്ങുന്നത്. 2026 അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ വിസ്മയപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ദുബൈയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയൊരു നാഴികക്കല്ലാകും. ഇതോടെ, ദുബൈയുടെ ആഗോള സ്വർണ വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള പദവിയും കൂടുതൽ ശക്തമാകും. 24 കാരറ്റ് സ്വർണത്തിൽ നിർമിക്കുന്ന ഈ പാതയിലൂടെ നടക്കുന്ന അപൂർവ അനുഭവം സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ലഭ്യമാകുമെന്ന് ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റ് സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വർണ-ആഭരണ പ്രദർശന കേന്ദ്രമായി മാറാൻ ഒരുങ്ങുന്ന ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. 2026 മുതൽ ഹോൾസെയിൽ സ്വർണ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവുണ്ടായി. സ്വർണം, ആഭരണങ്ങൾ, അപൂർവ രത്നങ്ങൾ, ആഡംബര വാച്ചുകൾ എന്നിവ വിൽക്കുന്ന പുതിയ റീട്ടെയ്ൽ ഷോപ്പുകളുടെ എണ്ണത്തിൽ 15 ശതമാനം വളർച്ചയും രേഖപ്പെടുത്തി. വരും വർഷത്തിൽ 10 മുതൽ 20 ശതമാനം വരെ കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ ഗോൾഡ് ഡിസ്ട്രിക്റ്റിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • Share This Article
Drisya TV | Malayalam News