12 വയസ്സുള്ള വിദ്യാർഥിയെ കാണാതായി 4 ദിവസമായിട്ടും കണ്ടെത്താൻ കഴിയാതെ പൊലീസ്. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകനും കൊല്ലത്തെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ 7-ാം ക്ലാസ് വിദ്യാർഥിയുമായ ഏബ്രഹാം ഓറോണിനെയാണു (12) കഴിഞ്ഞ വ്യാഴം വൈകിട്ടു മുതൽ വീട്ടിൽ നിന്നു കാണാതായത്. സ്കൂൾ വിട്ടു വീട്ടിലെത്തിയ കുട്ടി,ആരോടും പറയാതെ സ്വന്തം സൈക്കിളിൽ പുറത്തേക്കു പോകുകയായിരുന്നു. വ്യാഴം രാത്രിയോടെ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം കണ്ടെത്തി.
അതേസമയം, കുട്ടിയെ കാണാനില്ലെന്നു കാട്ടി ഈസ്റ്റ് പൊലീസ്, കൊല്ലം റെയിൽവേ പൊലീസ് എന്നിവിടങ്ങളിൽ നൽകിയ പരാതിയിൽ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയകുഞ്ഞുമായി സ്വദേശത്തേക്കു മടങ്ങിയിരുന്നു. അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇതിന്റെ ചികിത്സയ്ക്കാണു പോയത്. അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയിട്ടുണ്ടാകാമെന്നു പൊലീസ് പറയുന്നു. കൊല്ലം വഴി ബംഗാളിലേക്കു പോകുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തുന്നുണ്ട്.
വീട്ടിൽ നിന്നു പോകുന്നതിനു മുൻപു കുട്ടി സ്വന്തമായി മുടി വെട്ടിക്കളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ആളുകൾ തിരിച്ചറിയാതിരിക്കാൻ കരുതിക്കൂട്ടിയായിരിക്കാം ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറയുന്നു. വീട്ടിൽ നിന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വീടിനു സമീപത്തു നിന്നു ലഭിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിൽ കുട്ടി എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നു റെയിൽവേ പൊലീസ് പറയുന്നു. അതിനാൽ കുട്ടി ട്രെയിനിൽ കയറി പോയി എന്നതിനുറപ്പില്ല. റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് സൈക്കിൾ കണ്ടെത്തിയതു മാത്രമാണ്, ഏബ്രഹാം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ടാകാം എന്നതിന്റെ തെളിവ്.