ചേരാനല്ലൂരിൽ അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടിന്റെ 17 വയസ്സുകാരനായ മകൻ ഓടിച്ച വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ. നെടുമ്പാശ്ശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു പിന്നാലെയാണ് കൊച്ചിയെ നടുക്കുന്ന അപകട വാർത്തയെത്തുന്നത്. സംഭവം അറിഞ്ഞ് സ്റ്റേഷനിൽ എത്തിയ തങ്ങളോട് ജഡ്‌ജി കയർത്ത് സംസാരിച്ചെന്ന് ഇവർ ആരോപിച്ചു.പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയവരാണ് തെറ്റുകാരൻ എന്ന് പറഞ്ഞപ്പോൾ തന്നെ ചോദ്യം ചെയ്യാൻ വരേണ്ടെന്നും അതിന് നിങ്ങൾ ആയിട്ടില്ലെന്നും പ്രതിയായ 17 കാരന്റെ പിതാവായ ജഡ്‌ജി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതൊന്നും തനിക്ക് ഒരു പ്രശ്‌നമല്ല എന്ന മനോഭാവമായിരുന്ന ജഡ്ജിക്കെന്നും അവർ പറഞ്ഞു.
വാഹനം ഒടിച്ച 17 വയസ്സുകാരന്റെ പേരിലും മാതാപിതാക്കളുടെ പേരിലും കേസ് എടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. 17 കാരന്റെ ഫോട്ടോ എടുത്തപ്പോൾ അത് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ തനിക്ക് പ്രശ്നം ആകുമെന്നും പൊലീസ് പറഞ്ഞതായും ബന്ധു ആരോപിച്ചു. തന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. വെള്ളക്കെട്ട് ഉണ്ടായതുകൊണ്ടാണ് അപകടം നടന്നതെന്ന് ജഡ്ജി പറഞ്ഞു. എന്നാൽ കണ്ടെയ്‌നർ റോഡിൽ ഒരു വെള്ളക്കെട്ടും ഉണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകി പോകാൻ സ്ഥലമുള്ള ഇടത്താണ് അപകടം നടന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
അപകടത്തിനു ശേഷം പ്രതി വാഹനം നിർത്താതെ പോയി. എന്നാൽ വാഹനം ഓഫായി നിന്നത് കൊണ്ടാണ് പിടികൂടാനായതെന്നും അവർ പറഞ്ഞു. ജയബാലകൃഷ്ണൻ നടത്തിയിരുന്ന തട്ടുകടയിലെ വരുമാനം കൊണ്ടുമാത്രമായിരുന്നു കുടുംബം കഴിഞ്ഞ് പോയിരുന്നത്. എല്ലാ മാസവും ലോൺ അടക്കാനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അസുഖ ബാധിതയാണെന്നും അവർ പറഞ്ഞു. പ്രതി മദ്യപിച്ചിട്ടില്ലെന്ന പൊലീസ് വാദത്തിൽ തങ്ങൾക്ക് സംശയം ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.പ്രതിക്കെതിരെ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് സിഐ ശ്യാം കുമാർ പറഞ്ഞു. പ്രതി മദ്യപിച്ചിട്ടില്ല. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിക്ക് ശേഷം ആയിരിക്കും കോടതിയിൽ ഹാജരാക്കുകയെന്നും സിഐ പറഞ്ഞു.