റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെക്കാൻ ആലോചനയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയുമായുള്ള ബന്ധത്തിൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും എസ് ജയശങ്കർ പാർലമെൻ് കൺസൾറ്റേറ്റീവ് കമ്മിറ്റി യോഗത്തെ അറിയിച്ചു. താരിഫ് ചിലർ ആയുധമാക്കി മാറ്റുന്നു എന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയും പ്രതികരിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള അധികാരം ഡോണൾഡ് ട്രംപിന് യുഎസ് കോൺഗ്രസ് നൽകിയതിനു ശേഷമുള്ള സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. അധിക താരിഫ് പ്രഖ്യാപിച്ചാൽ രണ്ട് രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ബാധിക്കും എന്ന മുന്നറിയിപ്പ് ഇന്ത്യ നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടോണൾഡ് ട്രംപും കഴിഞ്ഞയാഴ്ച ടെലിഫോണിൽ സംസാരിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അമേരിക്കയിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം വ്യക്തമാക്കി.
ഇന്നലെ ചേർന്ന പാർലമെൻ്റ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് റഷ്യയോടുള്ള നിലപാടിൽ ഇന്ത്യ ഒരു മാറ്റവും വരുത്തില്ല എന്ന് എസ് ജയശങ്കർ അറിയിച്ചത്. മനീഷ് തിവാരി അടക്കം എംപിമാർ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് ജയശങ്കറിൻറെ മറുപടി. ഊർജ്ജ രംഗത്തെ സഹകരണം രണ്ട് രാജ്യങ്ങളും തുടരും. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിട്ടില്ല എന്നും എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. താരിഫ് ചിലർ ആയുധമാക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര പറഞ്ഞതും ഇന്ത്യ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണെന്ന സൂചനയായി. റഷ്യയ്ക്കും യുക്രെയിനും ഇടയിൽ വെടിനിറുത്തലിനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചു എന്ന് ഇന്നലെ യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.