ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസിയുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ലൈൻ മെസേജിങ് ആപ്പായ ബിറ്റ്ചാറ്റ് ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽനിന്ന് ആപ്പിൾ നീക്കം ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.
ഇന്ത്യൻ ഭരണകൂടം ആപ്പ് സ്റ്റോറിൽ നിന്ന് ബിറ്റ്ചാറ്റ് ഔദ്യോഗികമായി നീക്കം ചെയ്തു എന്ന് അറിയിച്ചുകൊണ്ടുള്ള ആപ്പിളിന്റെ ആപ്പ് റിവ്യൂ നോട്ടീസ് ജാക്ക് ഡോർസി ശനിയാഴ്ച എക്സിൽ പങ്കുവെച്ചു. ഇന്ത്യയിൽ നിയമവിരുദ്ധമായ ഉള്ളടക്കം ആപ്പിൽ അടങ്ങിയിട്ടുണ്ടെന്നും ആപ്പുകൾ ലഭ്യമാക്കുന്ന പ്രദേശങ്ങളിലെ എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കണം എന്ന ആപ്പിളിന്റെ 'ആപ്പ് റിവ്യൂ ഗൈഡ്‌ലൈൻസിലെ' സെക്ഷൻ 5 ലെ നിർദ്ദേശം ഇത് പാലിക്കുന്നില്ലെന്നും ആപ്പിൾ നോട്ടീസിൽ വ്യക്തമാക്കി.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരമാണ് മന്ത്രാലയം തടയൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം ബിറ്റ്ചാറ്റിലെ ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമെന്നോ സെക്ഷൻ എയിലെ ഏത് ചട്ടം അനുസരിച്ചാണ് നടപടിയെന്നോ ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.അതേസമയം, മറ്റ് രാജ്യങ്ങളിൽ ബിറ്റ്ചാറ്റ് ആപ്പ് തുടർന്നും ലഭ്യമായിരിക്കും. എന്നാൽ ഇന്ത്യയിൽ ഇതിന്റെ ടെസ്റ്റ്ഫ്ലൈറ്റ് പതിപ്പുകളും ആക്സസ് ചെയ്യാൻ സാധിക്കില്ലെന്ന് ആപ്പിൾ അറിയിച്ചു.
ഇന്റർനെറ്റോ ഫോൺ നമ്പറോ സെൻട്രൽ സെർവറുകളോ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ഒരു പീർ-ടു-പീർ (Peer-to-Peer) മെസേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്.ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്ക് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.30 മുതൽ 100 മീറ്റർ വരെയുള്ള പരിധിയിലെ ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഓഫ്‌ലൈനായി സന്ദേശങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.
ജൂൺ, ജൂലായ് മാസങ്ങളിൽ ഡൽഹിയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധ സമരങ്ങൾക്കിടയിൽ വിദ്യാർഥികൾ തമ്മിലുള്ള ആശയവിനിമയം നടന്നത് ബിറ്റ്ചാറ്റിലൂടെയാണെന്ന ആരോപണം ഉയർന്നിരുന്നു. സമരമേഖലയിൽ ദിവസങ്ങളോളം ഇന്റർനെറ്റ് വിച്ഛേദിച്ച സാഹചര്യത്തിലാണ് ബദൽ മാർഗമെന്ന നിലയിൽ ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ്ചാറ്റ് ഉപയോഗിക്കപ്പെട്ടത്.