മാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ജർമ്മൻ യുവാവിന് അപൂർവ രോഗം ബാധിച്ചു. ടുലറീമിയ എന്ന ബാക്ടീരിയൽ അണുബാധയാണ് 39കാരന് സ്ഥിരീകരിച്ചത്. ഫ്രാൻസിസെല്ല ടുലാരൻസിസെന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം.
അപകടമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് കാറിൽ സഞ്ചരിക്കവെ എതിർദിശയിൽവന്ന വാഹനം റോഡിലൂടെ പോകുകയായിരുന്ന മാനിനെ ഇടിച്ചുതെറിപ്പിച്ചു. യുവാവ് സഞ്ചരിച്ച കാറിനുള്ലിലേക്കാണ് ഇടിയുടെ ആഘാതത്തിൽ മാൻ തെറിച്ചുവീണത്. കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്താണ് മാൻ അകത്തേക്ക് പതിച്ചത്. അപകടത്തിൽ യുവാവിന്റെ മുഖത്തുൾപ്പടെ മുറിവുകളുണ്ടായി. പരിക്കേറ്റ മാനിന്റെ രക്തവും ശരീരദ്രവങ്ങളും ഈ മുറിവുകളിലേക്ക് കൂടിക്കലരുകയും ചെയ്‌തിരുന്നു.
ഏകദേശം ഒരാഴ്‌ചയ്ക്ക് ശേഷം ഇയാൾക്ക് പനിയുടെ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങി. ഇടത് കണ്ണിന് സമീപത്തെ ചർമ്മത്തിൽ ഒരു മുറിവും താടിക്ക് താഴെ വീക്കവും ഉണ്ടായി. തുടർന്ന് കഴുത്തിലെ ഞരമ്പുകൾ വീങ്ങിവരുന്നതായും ഡോക്ടർമാർ കണ്ടെത്തി.
ആദ്യ ഘട്ടത്തിൽ ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും രോഗാവസ്ഥ മെച്ചപ്പെട്ടില്ല. ഒരുമാസത്തിന് ശേഷം നടത്തിയ സ്കാനിംഗിൽ മുഖത്തിന്റെ വശത്ത് നിരവധി വലിയ പഴുപ്പുകെട്ടുകൾ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെയാണ് ഈ പഴുപ്പുകെട്ടുകൾ നീക്കം ചെയ്തത്. പിന്നാലെ യുവാവിന്റെ ശരീരത്തിൽനിന്ന് പുറത്തെടുത്ത ദ്രാവകത്തിൽ നടത്തിയ പരിശോധനയിലാണ് രോഗകാരണ് വ്യക്തമായത്.
അപകടത്തിൽപ്പെട്ട മാനിന്റെ ശരീരത്തിൽ രോഗബാധ ഉണ്ടായിരുന്നിരിക്കാമെന്നാണ് ഡോക്ടർമാർ കരുതുന്നത്. മാനിന്റെ ശരീരദ്രവങ്ങളിലൂടെ ഇവ യുവാവിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാമെന്നും അവർ പറയുന്നു. 'റാബിറ്റ് ഫീവർ' എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ചില അവസരങ്ങളിൽ ഗുരുതരമാകാറുണ്ടെന്നും ജീവനുവരെ ഭീഷണിയാകാമെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.