Drisya TV | Malayalam News

60 സേവനങ്ങൾക്കു കൂടി ആധാർ അധിഷ്ഠിത ഒടിപി പരിശോധന നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ്

 Web Desk    30 Aug 2026

60 സേവനങ്ങൾക്കു കൂടി ആധാർ അധിഷ്‌ഠിത ഒടിപി പരിശോധന നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ്. സെപ്‌തംബർ 21 മുതൽ മാറ്റം പ്രാബല്യത്തിൽ വരും. വാഹനം സംബന്ധിച്ച സേവനങ്ങൾ 'വാഹൻ' പോർട്ടലിലൂടെയും ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ 'സാരഥി' പോർട്ടലിലൂടെയും ലഭ്യമാകും. ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതും അപേക്ഷകൾ മനപ്പൂർവം വൈകിപ്പിച്ച് പണം ആവശ്യപ്പെടുന്നതും തടയുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് എംവിഡി പറയുന്നു.

നിലവിൽ 21 സേവനങ്ങൾക്കാണ് നേരിട്ട് ഓഫീസിലെത്തേണ്ടതില്ലാത്തത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, മിക്ക സേവനങ്ങൾക്കും അപേക്ഷകർക്ക് ഓഫീസുകൾ സന്ദർശിക്കേണ്ടിവരില്ലെന്നും എംവിഡി പ്രസ്താവനയിൽ പറഞ്ഞു.

പുതിയ സേവനം നിലവിൽ വരുന്നതോടെ വാഹന പരിശോധന, തിരിച്ചറിയൽ, വ്യക്തിപരമായ ഹിയറിങ് എന്നിങ്ങനെ ചില ആവശ്യങ്ങൾക്കുമാത്രം ഓഫീസിൽ നേരിട്ടെത്തിയാൽ മതിയാകും. ഇത്തരം ആവശ്യങ്ങൾക്ക് 'നമ്മുടെ കേരളം' പോർട്ടൽ വഴി സ്ലോട്ട് ബുക്ക് ചെയ്യാം. വ്യക്തിപരമായ ഹിയറിങ്ങിൽ 'വീ മീറ്റ്' സൗകര്യം ഉപയോഗിച്ച് വീഡിയോ കോളിലൂടെയും പങ്കെടുക്കാം.

അപേക്ഷകൾ ആദ്യം ലഭിക്കുന്ന ക്രമത്തിൽ പരിഗണിക്കും. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഇനി ഓഫീസുകളിൽ നൽകേണ്ട. സാങ്കേതിക സഹായം ആവശ്യമുള്ളവർക്ക് അക്ഷയ, കോമൺ സർവീസ് സെൻ്റർ, ആർടി ഓഫീസുകൾ എന്നിവയെ സമീപിക്കാം. ആധാർ ഒടിപി പരിശോധന പരാജയപ്പെടുന്നവർക്ക് നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടിവരും. ഡ്രൈവിങ്, കണ്ടക്ടർ ലൈസൻസ് പരീക്ഷാ സ്ലോട്ടുകൾ സാരഥി പോർട്ടലിലും ഫിറ്റ്നസ് പരിശോധനാ സ്ലോട്ടുകൾ വാഹൻ പോർട്ടലിലും ബുക്ക് ചെയ്യാം.

  • Share This Article
Drisya TV | Malayalam News