ഊർജ്ജ-പ്രതിരോധ-വ്യാപാര മേഖലകളിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ദീർഘകാല യുറേനിയം വിതരണ കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്‌കന്റിലെ കുക്സറോയ് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടത്തിയ ഉന്നതതല പ്രതിനിധി ചർച്ചകളിലാണ് സുപ്രധാന ധാരണയായത്. ഇതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിലും ധാരണയായി.
ഇന്ത്യയുടെ സിവിലിയൻ ആണവോർജ്ജ പദ്ധതികൾക്ക് ആവശ്യമായ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ യുറേനിയം വിതരണ കരാർ നിർണായക വഴിത്തിരിവാകും. യുറേനിയം ഉൽപ്പാദനത്തിൽ ലോകത്ത് മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഉസ്‌ബെക്കിസ്ഥാൻ. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി ഉയർത്താനും ഇരുനേതാക്കളും ധാരണയിലെത്തി. വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ പുതിയൊരു കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കാനും നിലവിലെ സംയുക്ത കമ്മീഷനെ മന്ത്രിതലത്തിലേക്ക് ഉയർത്താനും തീരുമാനമായിട്ടുണ്ട്.
നഗരവികസന മേഖലയിൽ ഉസ്‌ബെക്കിസ്ഥാന്റെ 'ന്യൂ താഷ്‌കന്റ്' പദ്ധതിയും ഗുജറാത്തിലെ 'ഗിഫ്റ്റ് സിറ്റി'യും തമ്മിൽ സാങ്കേതിക സഹകരണം സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത ഉൽപ്പാദനം, നിർണായക ധാതുക്കൾ, ആരോഗ്യം, ആയുർവേദം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലും പുതിയ സഹകരണ കരാറുകൾ ഒപ്പുവെച്ചു. സന്ദർശന വേളയിൽ ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഒലി ദരജലി ദുസ്ത്‌ലിക്' പുരസ്കാരം നൽകി പ്രസിഡന്റ് മിർസിയോയേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചു.