Drisya TV | Malayalam News

ആറര പതിറ്റാണ്ടിന് ശേഷം അമേരിക്കൻ സൈന്യത്തിൽ വധശിക്ഷ നടപ്പാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

 Web Desk    26 Aug 2026

ആറര പതിറ്റാണ്ടിന് ശേഷം അമേരിക്കൻ സൈന്യത്തിൽ വധശിക്ഷ നടപ്പാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്ന പക്ഷം സൈനിക വധശിക്ഷകൾ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ‘ഓപ്പറേഷൻ റെസല്യൂട്ട് ജസ്റ്റിസ്’ (Operation Resolute Justice) എന്ന പേരിൽ യുഎസ് ആർമി തയാറാക്കിയിട്ടുണ്ട്. 2009ലെ ഫോർട്ട് ഹുഡ് കൂട്ടവെടിവയ്പ്പ് നടത്തിയ മുൻ ആർമി മേജർ നിദാൽ മാലിക് ഹസനും നിലവിൽ സൈനിക വധശിക്ഷ കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.

2009 നവംബർ അ​ഞ്ചിന് ടെക്സസിലെ ഫോർട്ട് ഹുഡിൽ നിദാൽ മാലിക് ഹസൻ നടത്തിയ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും 30ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 13 മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റങ്ങളിലും 32 വധശ്രമ കുറ്റങ്ങളിലും ഹസൻ കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തി. 2013ൽ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാഹചര്യങ്ങൾ മുന്നിൽക്കണ്ട് യുഎസ് ആർമി തയാറാക്കിയ ‘ഓപ്പറേഷൻ റെസല്യൂട്ട് ജസ്റ്റിസ്’ പദ്ധതിയിൽ, സൈനിക വധശിക്ഷ കാത്തിരിക്കുന്ന തടവുകാരെ കാൻസസിലെ ഫോർട്ട് ലീവൻവർത്തിൽ നിന്ന് ഇൻഡ്യാനയിലെ ടെർ ഹോട്ടിലുള്ള ഫെഡറൽ എക്സിക്യൂഷൻ കേന്ദ്രത്തിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2025 സെപ്റ്റംബറിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, നിദാൽ ഹസന്റെ വധശിക്ഷയ്ക്ക് അംഗീകാരം നൽകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടതായും യുഎസ് ആർമിയുടെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ, നിദാൽ മാലിക് ഹസന്റെ വധശിക്ഷയ്ക്ക് പ്രസിഡന്റ് അന്തിമ അനുമതി നൽകിയതായോ വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ചതായോ നിലവിൽ സ്ഥിരീകരണമില്ല.

  • Share This Article
Drisya TV | Malayalam News