Drisya TV | Malayalam News

കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

 Web Desk    26 Aug 2026

കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും വിസാ അഭിമുഖങ്ങളും മറ്റ് നടപടിക്രമങ്ങളും നിർത്തിവെച്ച് ട്രംപ് ഭരണകൂടം. വിസ നൽകുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനാണ് പുതിയ നടപടിയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന്റെ ഔദ്യോഗിക വിശദീകരണം.

എന്നാൽ വിസക്കായി അപേക്ഷിക്കുന്നവരെ കൃത്യമായി വിലയിരുത്തുന്നതിനും, അമേരിക്കൻ സർക്കാരിന്റെ ആനുകൂല്യങ്ങളെ ലക്ഷ്യമാക്കി കടന്നുകൂടാൻ സാധ്യതയുള്ളവരെയും ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നത് എന്നാണ് വിവരം. വിസാ നടപടികൾ എന്ന് പുനരാരംഭിക്കുമെന്ന് അധികൃതർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. വിസാ ഇൻ്റർവ്യൂവിന് തിയതി ലഭിച്ചിരുന്നവർക്ക് ഇത് മാറ്റിവെച്ചതായി കാണിച്ച് ഇ-മെയിലുകൾ ലഭിച്ചിട്ടുണ്ട്, പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് ഇ-മെയിലിലെ വിവരം.

കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് അമേരിക്കൻ ഭ രണകൂടം സ്വീകരിക്കുന്നത്. വിസകളും ഗ്രീൻ കാർഡുകളും ഉൾപ്പെടെ റദ്ദാക്കുന്ന നടപടിയിലേക്ക് അമേരിക്ക കടന്നിട്ടുണ്ട്. ഇസ്രയേലിന് എതിരെ നടപടികൾ സ്വീകരിച്ചു, പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തു എന്നീ കാരണങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളുന്നുണ്ട്. ഇതിന് പുറമെ, എച്ച്-1ബി വിസ ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള പുതിയ നിർദ്ദേശങ്ങളും വൈറ്റ് ഹൗസ് പരിശോധിച്ചുവരികയാണ്.

  • Share This Article
Drisya TV | Malayalam News