Drisya TV | Malayalam News

സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിന് അറുതി വരുത്താന്‍ കേന്ദ്രസർക്കാർ

 Web Desk    21 Aug 2026

സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിന് അറുതി വരുത്താന്‍ ഇടപെടലുമായി കേന്ദ്രസർക്കാർ. ചെറിയ അസുഖങ്ങൾക്ക് പോലും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും മറ്റും ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ നിർണായക ശുപാർശകൾ പുറപ്പെടുവിച്ച് പാർലമെന്ററി സ്ഥിരം സമിതി. അനാവശ‍്യമായി ബിൽ പെരുപ്പിച്ച് പണം ഈടാക്കുന്ന പ്രവൃത്തികൾ തടയാന്‍ കർശന നടപടി വെണമെന്നും പാർലമെന്‍ററി സമിതി അറിയിച്ചു. എം.പി പ്രൊഫ. രാംഗോപാൽ യാദവിന്‍റെ അധ‍്യക്ഷതയിലുള്ള ആരോഗ്യക്ഷേമ പാർലമെന്‍ററി സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതോടെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക ആ പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടകക്ക് തുല്യമായി നിജപ്പെടുത്തണം തുടങ്ങിയ ശുപാർശകളും കമ്മിറ്റി മുന്നോട്ടുവവെച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികൾ മുറികളുടെ വാടകക്ക് ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തുന്നതോടൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, ലോന്‍ഡറി തുടങ്ങിയ ചെലവുകൾക്ക് സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റൂമുകളുടെ സൗകര്യമനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില വർധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പറയുന്നു.

  • Share This Article
Drisya TV | Malayalam News