നടൻ സലിംകുമാർ (56)അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 9 മണിയോടെ പറവൂർ ടൗൺഹാളിലെത്തിച്ചു. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു. ടൗൺഹാളിൽ സലിം കുമാറിൻ്റെ കുടുംബവും എത്തിയിട്ടുണ്ട്. നിരവധി പേരാണ് സലിംകുമാറിനെ അവസാന നോക്കു കാണാനായി ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്ക്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.