നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പരിഹരിക്കാമെന്ന ഇറാന്റെ സമാധാന നിർദ്ദേശം തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഭ്രാന്തന്മാരുടെ കൈയിൽ ആണവായുധം എത്താൻ അനുവദിക്കില്ല" എന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാനുമായുള്ള സംഘർഷത്തിൽ സൈനിക നടപടിയും ചർച്ചകളും ഒരുപോലെ പരിഗണനയിലുണ്ടെന്ന് അറിയിച്ചു. ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും അമേരിക്ക-ഇറാൻ യുദ്ധം തുടരുകയാണ്.
"നമ്മൾ ഇപ്പോൾ ഒരു യുദ്ധത്തിലാണ്. കാരണം, ഭ്രാന്തന്മാരുടെ കൈയിൽ ആണവായുധം എത്താൻ അനുവദിക്കരുതെന്ന കാര്യത്തിൽ നിങ്ങളും യോജിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഇതിനോട് യോജിക്കുന്നില്ലേ?" ഫ്ലോറിഡയിൽ നടന്ന ചടങ്ങിൽ ട്രംപ് ചോദിച്ചു. ഹർഷാരവങ്ങളോടെയും "USA" വിളികളോടെയുമാണ് ജനക്കൂട്ടം ട്രംപിന്റെ വാക്കുകളെ വരവേറ്റത്.
യുദ്ധം തുടരാൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ആവശ്യമായ 60 ദിവസത്തെ സമയപരിധി മുന്നിലുണ്ടെങ്കിലും, ട്രംപ് തന്റെ കർക്കശമായ നിലപാട് തുടരുകയാണ്. അമേരിക്കയുടെ ഇടപെടൽ കാരണം വലിയൊരു ആണവ യുദ്ധം ലോകത്ത് ഒഴിവാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. "B2 ബോംബറുകൾ ഉപയോഗിച്ച് നമ്മൾ അവരെ തടഞ്ഞു. അത് ചെയ്തില്ലായിരുന്നെങ്കിൽ അവർ ആണവായുധം നിർമിക്കുമായിരുന്നു. ഇസ്രായേലും പശ്ചിമേഷ്യയും യൂറോപ്പും തകർക്കപ്പെടുമായിരുന്നു," അദ്ദേഹം പറഞ്ഞു.
ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നുവെന്നും ട്രംപ് വാദിച്ചു. “അവർക്ക് നാവികസേനയില്ല. അവർക്ക് വ്യോമസേനയില്ല. അവർക്ക് വിമാനവിരുദ്ധ ഉപകരണങ്ങളില്ല. അവർക്ക് റഡാറില്ല. അവരുടെ നേതാക്കളെല്ലാം പോയി,” അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അവതരിപ്പിച്ച സംഘർഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ ഏറ്റവും പുതിയ നിർദ്ദേശം നിരസിച്ച ട്രംപ്, യുദ്ധം പെട്ടെന്ന് അവസാനിക്കില്ലെന്ന് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പാകിസ്ഥാന് ലഭിച്ച നിർദ്ദേശം വെള്ളിയാഴ്ചയാണ് അമേരിക്കയ്ക്ക് മുന്നിൽ അവതിരിപ്പിച്ചത്. ചർച്ചകൾ പുനരാരംഭിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.എന്നാൽ ഇതിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. “അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ... ഞാൻ അതിൽ തൃപ്തനല്ല,” അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.