ഇറാനുമായുള്ള നിലവിലെ സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്‍റെ നയം വ്യക്തമാക്കിയത്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്‍റെ നാവികസേന കടലിന്‍റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം അതിശക്തമാണെന്നും സമയം ഇറാന് അനുകൂലമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി താൻ തിടുക്കം കാണിക്കുന്നില്ലെന്നും ദീർഘകാലം നിലനിൽക്കുന്ന സുശക്തമായ ഒരു കരാറാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.