അമേരിക്കയുമായി പുതിയ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് അരാഗ്ച്ചി. നേരത്തെ ചർച്ചകൾക്കിടെ യുഎസ് നടത്തിയ ആക്രമണങ്ങൾ മറക്കാൻ കഴിയില്ലെന്നും വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക അത് ലംഘിച്ചുവെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മുമ്പ് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരുന്നു. സമുദ്ര ഉപരോധം ഏർപ്പെടുത്തുകയും ഇറാനിയൻ കപ്പലിനെ ആക്രമിക്കുകയും ചെയ്തു. ഇത് വെടിനിർത്തലിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഇറാൻ പറയുന്നു.
പുതിയ ആക്രമണം ആരംഭിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവിൻ്റെ പ്രതികരണം. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ റവല്യൂഷണറി ഗാർഡ് വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇന്ത്യൻ നാവികസേന സുരക്ഷാ വലയം കടുപ്പിച്ചു. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സേന കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാന്‍റെ തന്ത്രപ്രധാനമായ ലാറക് ഐലൻഡിന് സമീപത്തുനിന്ന് വിട്ടുനിൽക്കണമെന്നും നാവികസേനയുടെ നേരിട്ടുള്ള നിർദ്ദേശം ലഭിച്ചാൽ മാത്രം യാത്ര തുടർന്നാൽ മതിയെന്നുമാണ് പുതിയ അറിയിപ്പ്. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കാൻ കാത്തുനിൽക്കുന്ന എല്ലാ ഇന്ത്യൻ കപ്പലുകളുടെയും സുരക്ഷയ്ക്കാണ് സേന മുൻഗണന നൽകുന്നത്.