Drisya TV | Malayalam News

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

 Web Desk    9 Apr 2026

140 നിയോജക മണ്ഡലങ്ങളിലേക്കുളള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. 23 ദിവസം നീണ്ട വാശിയേറിയ പരസ്യപ്രചാരണങ്ങൾക്കും നിശബ്ദ പ്രചാരണത്തിനും ശേഷമാണ് സംസ്ഥാനം ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്തെ ആകെ 2.71 കോടി വോട്ടർമാരാണ് ഇത്തവണ വോട്ടവകാശം വിനിയോഗിക്കുന്നത്. ഇതിൽ 1.32 കോടി പുരുഷന്മാരും 1.39 കോടി സ്ത്രീകളും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 2.42 ലക്ഷത്തിലധികം പ്രവാസി വോട്ടർമാരും ഇത്തവണ പട്ടികയിലുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫും ശക്തമായ സാന്നിധ്യമാകാൻ ശ്രമിക്കുന്ന എൻഡിഎയും തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് വിവിധ മണ്ഡലങ്ങളിൽ സാക്ഷ്യം വഹിക്കുന്നത്.

സംസ്ഥാനത്തുടനീളം 30,495 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ വോട്ടർപട്ടികയിലെ പ്രത്യേക പരിഷ്‌കരണത്തെത്തുടർന്ന് കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി 24 അനുബന്ധ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രത്യേക ബൂത്തുകളും ഇത്തവണ സജ്ജമാണ്. 352 ബൂത്തുകൾ പൂർണ്ണമായും സ്ത്രീകളായിരിക്കും നിയന്ത്രിക്കുന്നത്. 37 ബൂത്തുകൾ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. തിരഞ്ഞെടുപ്പ് ജോലികൾക്കായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രശ്‌നസാധ്യതയുള്ള 2,000 പേരെ കരുതൽ തടങ്കലിലാക്കി. 140 വിതരണ-ശേഖരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകൾ 140 സ്ട്രോങ്ങ് റൂമുകളിലായി സൂക്ഷിക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.

  • Share This Article
Drisya TV | Malayalam News