താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ, ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ നിബന്ധനകൾ ഇറാൻ പൂർണമായും പാലിക്കുന്നത് വരെ അമേരിക്കൻ സൈന്യം പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
"യഥാർഥ കരാർ പൂർണമായും നടപ്പിലാക്കുന്നത് വരെ, ഇറാനിലും പരിസരത്തും എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും തുടരും. ഇതിനകം തകർക്കപ്പെട്ട ശത്രുവിനെ പൂർണമായും നശിപ്പിക്കാൻ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിന്റെ പക്കലുണ്ടാകും" ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
“എന്തെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം ആരംഭിക്കും. ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണ്. നിലവിൽ നമ്മുടെ സൈന്യം അടുത്ത വിജയത്തിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അമേരിക്ക തിരിച്ചെത്തിയിരിക്കുന്നു" -ഡോണൾഡ് ട്രംപ് പറഞ്ഞു.