ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞ കാലപരിധി ഇന്ന് തീരും. സമാന 'അന്ത്യശാസനം' നേരത്തെയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീട് നീട്ടിയിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 05.30) ആക്രമിക്കുമെന്ന് പറഞ്ഞു. ഒറ്റരാത്രി കൊണ്ട് ഇറാനെ തീർക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ഇതോടെ ക്രൂഡ് ഓയിൽ വില ഉയർന്നു. ഡബ്ല്യുടിഐ ബാരലിന് 115 ഡോളറിലേക്കും ബ്രെന്‍റ് ക്രൂഡ് 111 ഡോളറിലേക്കും മർബൻ 119 ഡോളറിലേക്കുമെത്തി. സ്വർണവില ഒരു ശതമാനത്തോളം ഇടിഞ്ഞു. ഓഹരി വിപണികൾ നഷ്ടത്തിലേക്കുള്ള പാതയിൽ.
താൽക്കാലിക വെടിനിർത്തലിന് പകരം യുദ്ധത്തിന് ശാശ്വതമായ പരിഹാരമാണ് ഇറാൻ തേടുന്നതെന്നാണ് അറിയുന്നത്. ഇതിന് പുറമെ പത്ത് വ്യവസ്ഥകളും ഇറാനുണ്ട്. ഹോർമുസിൽ പൂർണമായ നിയന്ത്രണം, സാമ്പത്തിക ഉപരോധം നീക്കണം, ഇനി ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കണം തുടങ്ങിയ നിർദേശങ്ങളാണ് ഇറാനുള്ളത്. പാലങ്ങളും പവർ പ്ലാന്‍റുകളും ലക്ഷ്യം വെച്ചാൽ ഇസ്രയേലിലെയും മധ്യേഷ്യയിലെ മറ്റ് രാജ്യങ്ങളുടെയും സമാനമായ കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്‍റെ ഭീഷണി.