സ്കൂൾ കെട്ടിടങ്ങളിലെല്ലാം അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ സുരക്ഷ മാന്വൽ. നിലവിൽ ബഹുഭൂരിപക്ഷം സ്കൂളുകളിലും ഇതില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ സ്കൂളുകൾ പ്രവർത്തിക്കരുതെന്നും താൽക്കാലിക, വാടക കെട്ടിടങ്ങളിലെ സ്കൂളുകൾക്കും ഇതു നിർബന്ധമാണെന്നും മാന്വൽ വ്യക്തമാക്കുന്നു.
കൊല്ലം തേവലക്കര ബോയ്സ് എച്ച്എസിൽ സ്കൂൾ വളപ്പിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ വർഷം വിദ്യാർഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമാക്കിയുള്ള പുതിയ മാന്വൽ. ഇതിലെ നിർദേശങ്ങൾ നടപ്പാക്കിയെന്ന് വിദ്യാഭ്യാസ ഓഫിസർമാർ പരിശോധനയിൽ ഉറപ്പാക്കണം.
പാമ്പു കയറിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ദിവസവും പ്രവൃത്തി സമയത്തിനു മുൻപ് ക്ലാസ് മുറികളിൽ പരിശോധന നടത്തണമെന്നും വളപ്പിലെ കാടും പുല്ലും വർഷത്തിൽ 2 തവണയെങ്കിലും നീക്കണമെന്നും നിർദേശമുണ്ട്. വൃത്തിയുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉറപ്പാക്കണം.
കമ്മിറ്റി രൂപീകരിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണം. സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്ക് 6 മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകണം. ഭക്ഷണം കുട്ടികൾക്ക് വിളമ്പും മുൻപ് അധ്യാപകനോ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗമോ രുചിച്ച് നിലവാരം റജിസ്റ്ററിൽ രേഖപ്പെടുത്തണം.