എഐയുടെ നിയന്ത്രണം പൂർണമായും അമേരിക്കയുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കവുമായി ഡൊണാൾഡ് ട്രംപ്. എഐ ചിപ്പുകളുടെ കയറ്റുമതി നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ രൂപവത്കരിക്കുന്നകാര്യം യു.എസ് ഭരണകൂടം പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എഐ സാങ്കേതികവിദ്യയുടെ സ്വാധീനം ലോകത്ത് വൻതോതിൽ വർധിച്ചുവരികയും യുദ്ധമുഖത്തുപോലും എഐ നിർണായ സാന്നിധ്യമായി മാറുകയും ചെയ്യുന്നതിനിടെയാണ് നീക്കം.
ചട്ടങ്ങൾ നിലവിൽ വരുന്നതോടെ യു.എസിൽനിന്ന് വൻതോതിലുള്ള ഇറക്കുമതി നടത്തുന്നതിന് വിദേശ രാജ്യങ്ങൾ ഇനി കർശന വ്യവസ്ഥകൾ പാലിക്കേണ്ടിവരും. രണ്ട് ലക്ഷമോ അതിൽ കൂടുതലോ എഐ ചിപ്പുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് യുഎസ് ആസ്ഥാനമായ എഐ ഡാറ്റാ സെന്ററുകളിൽ നിക്ഷേപം നടത്തുകയോ സുരക്ഷാ ഉറപ്പുകൾ നൽകുകയോ ചെയ്യേണ്ടി വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തെ എഐ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ റദ്ദാക്കിയതിന് ശേഷം എഐ ചിപ്പുകളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ആദ്യ നീക്കമായിരിക്കും ഇത്.
എഐ അടിസ്ഥാന സൗകര്യ വികസനം അമേരിക്കയിൽ നിലനിർത്താനും പരിമിതമായ യുഎസ് ക്ലൗഡ് കമ്പനികൾ വഴി വിദേശ സംഭരണങ്ങൾ നിയന്ത്രിക്കാനും ലക്ഷ്യമിടുന്നതായിരുന്നു ബൈഡന്റെ കാലത്തെ നിയമങ്ങൾ. എന്നാൽ എല്ലാ എഐ ചിപ്പ് കയറ്റുമതിക്കും കമ്പനികൾ യുഎസ് സർക്കാരിന്റെ അനുമതി തേടേണ്ടിവരുമെന്ന് പുതിയ ചട്ടങ്ങളിൽ വ്യവസ്ഥചെയ്തേക്കും. ഇത് എൻവിഡിയ, അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) പോലുള്ള പ്രധാന ചിപ്പ് നിർമ്മാതാക്കളെ കാര്യമായി ബാധിക്കുകയും യുഎസ് സർക്കാരിനെ ആഗോള എഐ വ്യവസായത്തിന്റെ സുപ്രധാന സ്ഥാനത്ത് നിലനിർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ ചട്ടം അനുസരിച്ച്, 1,000-ൽ താഴെ ചിപ്പുകളുള്ള താരതമ്യേന ചെറിയ സ്ഥാപനങ്ങൾക്ക് പോലും കയറ്റുമതി ലൈസൻസ് ആവശ്യമായി വന്നേക്കാമെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതി ചെയ്യുന്ന ചിപ്പുകൾ നിരീക്ഷിക്കുകയും വേണം. വാങ്ങുന്നവർ ചിപ്പുകളെ വലിയ കമ്പ്യൂട്ടിങ് ക്ലസ്റ്ററുകളുമായി ബന്ധിപ്പിക്കുന്നതത് തടയുന്ന സോഫ്റ്റ്വെയർ ഉപയോഗിക്കുകയും വേണം.100,000 ചിപ്പുകൾ വരെ ആവശ്യപ്പെടുന്ന വിദേശ കമ്പനികൾ സർക്കാർ തലത്തിലുള്ള ഉറപ്പുകൾ നൽകേണ്ടിയും വന്നേക്കാം.
നിർദ്ദിഷ്ട നിയമങ്ങൾ റഷ്യ പോലുള്ള കരിമ്പട്ടികയിലുള്ള രാജ്യങ്ങളെ ബാധിക്കില്ല. യുഎസ് എഐ ചിപ്പുകൾ അവർക്ക് ലഭ്യമാകില്ല എന്നതാണ് കാരണം. ചൈനയേയും കരിമ്പട്ടികയിൽ പെടുത്തിയിരുന്നെങ്കിലും ഡിസംബറിൽ എൻവിഡിയയുടെ എഐ ചിപ്പുകൾ വാങ്ങാൻ അനുമതി നൽകിയിരുന്നു. എങ്കിലും കയറ്റുമതി ദേശീയ സുരക്ഷ പരിഗണിച്ച് തടയപ്പെട്ടിട്ടുണ്ട്.