Drisya TV | Malayalam News

ആറ്റുകാൽ പൊങ്കാല : ഭക്തരെ പിഴിഞ്ഞ് സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ

 Web Desk    3 Mar 2026

ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്തരെ പിഴിഞ്ഞ് സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ.കോർപറേഷനിൽ നിന്ന് അനുമതി വാങ്ങാതെ പ്രവർത്തിക്കുന്ന പാർക്കിങ് കേന്ദ്രങ്ങളിലാണ് അനധികൃത പിരിവ്.ഡ്രൈവർമാരുടെ പരാതിയെ തുടർന്ന് ആറ്റുകാൽ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മേയർ വി.വി.രാജേഷിനോടു കൊള്ളപ്പിരിവിനെക്കുറിച്ച് ഡ്രൈവർമാർ പരാതിപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ ഐരാണിമുട്ടത്ത് താൽക്കാലികമായി തട്ടിക്കൂട്ടിയ സ്വകാര്യ പാർക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം മേയർ വി.വി.രാജേഷ് ഇടപെട്ട് താൽക്കാലികമായി നിർത്തിവെപ്പിച്ചു.

അയൽ ജില്ലകളിൽ നിന്ന് ഇന്നലെ തലസ്ഥാനത്ത് എത്തിയ വാഹന ഡ്രൈവർമാരാണ് കൊള്ളയ്ക്ക് ഇരയായത്. വലിയ കാർ പാർക്കു ചെയ്യാൻ 400 രൂപയാണ് സ്വകാര്യ പാർക്കിങ് കേന്ദ്രം ഉടമ ഈടാക്കിയത്. ഇതിനായി രസീതും അച്ചടിച്ച് വിതരണം ചെയ്തു. രണ്ടു ദിവസത്തെ പാർക്കിങ്ങിനു വേണ്ടിയാണ് ഈ നിരക്ക് ഈടാക്കിയത് എന്ന് ഉടമ വിശദീകരിച്ചെങ്കിലും നിയമാനുസൃത നിരക്ക് മാത്രം ഈടാക്കിയാൽ മതിയെന്ന് മേയർ നിർദേശിച്ചു.

കാടുമൂടിക്കിടന്ന പ്രദേശങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ക്ഷേത പരിസരത്ത് ഒട്ടേറെ പാർക്കിങ് കേന്ദ്രങ്ങൾ തുറന്ന് അനധികൃതമായി പ്രവർത്തിക്കുന്നതായി തുടർന്ന് നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നേടണം എന്നാണ് കോർപറേഷൻ കൗൺസിൽ പാസാക്കിയ നിയമാവലിയിലെ പ്രധാന നിർദേശം. ഓരോ തരം വാഹനങ്ങളിൽ നിന്ന് ഈടാക്കേണ്ട നിരക്കും നിയമാവലിയിലുണ്ട്.

  • Share This Article
Drisya TV | Malayalam News