ആകാശത്ത് ദൃശ്യ വിസ്മയം തീർക്കാൻ ചൊവ്വാഴ്ച ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം കാണാനാകും. ചൊവ്വാഴ്ച വൈകീട്ട് പൂർണ ചന്ദ്രനെ ഭൂമി പൂർണമായും മറയ്ക്കുന്നതോടെ രക്തനിറമുള്ള ചന്ദ്രൻ പ്രത്യക്ഷപ്പെടും. ഈ അവസരം നഷ്ടപ്പെടുത്തിയാൽ അത്ഭുത പ്രതിഭാസം കാണാൻ ഇനി 2029 വരെ കാത്തിരിക്കേണ്ടിവരും.
നാളെ ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ദൃശ്യമാകുന്ന സമയക്രമം ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3:20നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. പൂർണ ഗ്രഹണം തുടങ്ങുന്നത് വൈകീട്ട് 4:34ന് ആയിരിക്കും. ഈ സമയത്താണ് രക്തചന്ദ്രൻ ആഗതമാകുകയെന്ന് അധികൃതർ പറയുന്നു. പിന്നീട് ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് പൂർണ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.
ഇന്ത്യയിൽ മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങളായിരിക്കും ദൃശ്യമാകുക. വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ പൂർണ ചന്ദ്രഗ്രഹണത്തിന്റെ അവസാന നിമിഷങ്ങൾ കൂടി കാണാൻ സാധിക്കും. ഇന്ത്യയ്ക്ക് പുറമെ കിഴക്കൻ ഏഷ്യ, ആസ്‌ട്രേലിയ, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവിടങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാകും.
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമി തടയുന്നതാണ് ഇതിന് കാരണം.