Drisya TV | Malayalam News

ആറ്റുകാൽ പൊങ്കാല ഇന്ന്,പ്രാർഥനയോടെ ഭക്തലക്ഷങ്ങൾ

 Web Desk    3 Mar 2026

നഗരപാതകളെല്ലാം ആറ്റുകാൽ ദേവീസന്നിധിയിലേക്കു നീളുന്ന ദിനത്തിൽ വിശപ്പും ദാഹവും മറന്ന് ആറ്റുകാലമ്മ എന്ന ഒരു പ്രാർഥനയുമായി കാത്തിരുന്നു പൊങ്കാല അർപ്പിക്കാൻ. നിർവൃതിനേടി മടങ്ങാൻ. കൈവല്യദായിനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹംതേടി ഭക്തലക്ഷങ്ങളെത്തിയ തലസ്ഥാനം ആഘോഷത്തിമിർപ്പിൽ.

റെസിഡെൻസ് അസോസിയേഷനുകളും തൊഴിലാളിസംഘടനകളും ഭക്ഷണവും ജലവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കാൻ സജീവമായി രംഗത്തുണ്ട്. കവലകളെല്ലാം ഉത്സവദിനംമുതൽതന്നെ ഭക്തിയുടെയും കൂട്ടായ്മയുടെയും നിറവും വെളിച്ചവും സംഗീതവുമൊരുക്കിയിരുന്നു. വിദൂര ദേശങ്ങളിൽനിന്നുള്ള ഭക്തർ പൊങ്കാലയ്ക്കായി ഞായറാഴ്ചതന്നെ നഗരത്തിലെത്തിത്തുടങ്ങിയിരുന്നു.

രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. നഗരത്തിന്റെ കാണാവുന്ന കോണിലെല്ലാം ഇഷ്ടികയും മൺകലങ്ങളും നിറഞ്ഞിട്ടുണ്ട്. തമ്പാനൂർ, ബേക്കറി, വഞ്ചിയൂർ, ജഗതി, സ്റ്റാച്യു, സെൻട്രൽ സ്റ്റേഡിയത്തിന് പുറകിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ട്രെയിനിലും സ്വകാര്യവാഹനങ്ങളിലും കെ.എസ്.ആർ.ടി.സി. ബസിലുമായി എത്തിയ കുടുംബങ്ങൾ നിരവധിയാണ്. അവർ പതിവായി പൊങ്കാലയിടാറുള്ള വീടുകളിൽ തങ്ങി. ആ ഒഴുക്ക് രാത്രിയും തുടർന്നു. എല്ലാവരുടെ പക്കലും കൊതുമ്പും ചൂട്ടുമുൾപ്പെടെ പൊങ്കാലയ്ക്കുള്ള വസ്തുക്കൾ ഉണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചയ്ക്കാണ് സമീപ ജില്ലകളിലും തിരുവനന്തപുരത്തിന്റെ ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരും എത്തിയത്.

രാവിലെ ഒമ്പതുമണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങും. ആറ്റുകാൽ പൊങ്കാല നിവേദ്യസമയത്ത് ഇത്തവണയും ആകാശത്തുനിന്ന് വിമാനത്തിൽ പുഷ്പവൃഷ്ടിയുണ്ടാകും.സുരക്ഷ ഉറപ്പാക്കാനായി 4000 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാന സ്ഥലങ്ങളെ നാല് സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് നിയന്ത്രണം. എല്ലാ സോണുകളുടെയും ഏകോപനം കൺട്രോൾ റൂം വഴി നടത്തും. സിറ്റി പോലീസ് കമ്മിഷണർ കെ.കാർത്തിക്കിന്റെ നേതൃത്വത്തിലാണ് ക്രമീകരണം.

ആറ്റുകാൽ, പാടശ്ശേരി, ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമുകളുണ്ട്. അടിയന്തര സാഹചര്യം, വഴിതെറ്റിപ്പോകുന്ന കുട്ടികൾ, നഷ്ടപ്പെട്ട വസ്തുക്കൾ, ആരോഗ്യസഹായം, ഗതാഗതവിവരങ്ങൾ തുടങ്ങിവയ്ക്ക് കൺട്രോൾ റൂമുകളെ സമീപിക്കാം.തിരക്ക്, ക്യൂ മാനേജ്മെന്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ക്ഷേത്രപരിസരത്ത് അഞ്ച് നിരീക്ഷണ ടവറുകൾ സജ്ജമാക്കി. 20 സ്ഥലങ്ങളിൽ മെഗാഫോൺ വഴി വിവരം അറിയിക്കും. സുപ്രധാന മേഖലകളിൽ ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തും.

  • Share This Article
Drisya TV | Malayalam News