Drisya TV | Malayalam News

മുള്ളന്‍പന്നിയെ അടിച്ചുകൊന്നു; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസ്

 Web Desk    3 Mar 2026

തിരുവനന്തപുരം വെള്ളനാട് വീട്ടിനുള്ളില്‍ കുടുങ്ങിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്ന് പഞ്ചായത്ത് പ്രസിഡന്റ്. വനം വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ ക്രൂരത. വനംവകുപ്പ് കേസ് റജിസ്റ്റർ ചെയ്തതോടെ വെള്ളനാട് ശശി മുങ്ങി.സംരക്ഷിത ജീവി ഇനത്തിൽപ്പെട്ട മുള്ളൻപന്നിയെയാണ് നാട്ടുകാർ നോക്കിനിൽക്കെ വനംവകുപ്പിന് വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊന്നത്. വാളിയറ രജിതയുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ രാവിലെ ഏഴരയോടെ പരുക്കേറ്റ നിലയിൽ മുള്ളൻപന്നിയെ കണ്ടത്. വീട്ടുകാരും നാട്ടുകാരും ഉടൻ വനംവകുപ്പിനെ അറിയിച്ചു. ഇതിനിടെ അതുവഴി വന്ന വെള്ളനാട് ശശി സംഭവമറിഞ്ഞു. നാട്ടുകാർ വിലക്കിയിട്ടും എന്ത് വനംവകുപ്പ് എന്ന് ചോദിച്ചുകൊണ്ട് ഒരു ഇരുമ്പ് പൈപ്പ് കൊണ്ട് മുള്ളൻപന്നിയെ അടിച്ചുകൊന്നു.

പിന്നാലെ വനo വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും വെള്ളനാട് ശശി സ്ഥലത്തുനിന്നും മാറി. ഷെഡ്യൂൾ ഒന്നിൽ പെട്ട സംരക്ഷണ ജീവിയെ കൊന്നതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഏഴുവർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. സർക്കാർ പരിപാടിക്ക് ക്ഷണിക്കാത്തതിന് ഫലകം അടിച്ചു പൊട്ടിച്ചതിനും, പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്തതിനും സെക്രട്ടറിയെ പൂട്ടിയിട്ടതിനും ഹോട്ടലിൽ കയറി സ്ത്രീയെയും കുട്ടിയെയും കയ്യേറ്റം ചെയ്തതിന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രണ്ടുവർഷം മുമ്പ് കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് മാറിയ വെള്ളനാട് ശശി.

  • Share This Article
Drisya TV | Malayalam News