Drisya TV | Malayalam News

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധി മരവിപ്പിച്ച് കോടതി 

 Web Desk    2 Feb 2026

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധി മരവിപ്പിച്ചു. ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസിലെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചത്. അതേസമയം, ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും കേസിൽ കുറ്റക്കാരനെന്ന വിധി നിലനിൽക്കും. നിയമസഭാംഗത്വത്തിനുള്ള അയോഗ്യതയും തുടരും.

തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്. ഈ ഹർജി ഫെബ്രുവരി ആറിന് കോടതി പരിഗണിക്കും.

മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്. കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാംപ്രതിയാണ് അദ്ദേഹം. ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലർക്ക് കെ.എസ്. ജോസും മൂന്നുവർഷം തടവ് അനുഭവിക്കണം. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനാൽ ജയിലിലായിരുന്നില്ല.

  • Share This Article
Drisya TV | Malayalam News