Drisya TV | Malayalam News

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്‌താൻ്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി (COA) പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ തള്ളി 

 Web Desk    2 Feb 2026

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്‌താൻ്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി (COA) പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ തള്ളി. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവർത്തനങ്ങൾക്കോ ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി. അതിനാൽ കോടതി നിർദേശപ്രകാരമുള്ള രേഖകൾ ഹാജരാക്കാനോ വാദങ്ങളിൽ പങ്കെടുക്കാനോ ഇന്ത്യ തയ്യാറല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയുടെ ബഗ്ലിഹാർ, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകൾ ഹാജരാക്കാൻ ആർബിട്രേഷൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ പദ്ധതികളിലെ ജലസംഭരണത്തിന്റെ അളവ് പരിശോധിക്കാനായിരുന്നു കോടതിയുടെ ഈ നീക്കം. എന്നാൽ, കോടതിയുടെ ഉത്തരവുകൾക്ക് നിയമസാധുതയില്ലാത്തതിനാൽ ലോഗ് ബുക്കുകൾ ഹാജരാക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. സാങ്കേതിക തർക്കങ്ങൾ പരിഹരിക്കാൻ 'സ്വതന്ത്ര വിദഗ്ദ്ധനെ' നിയമിക്കുന്നതിന് പകരം പാകിസ്ത‌ാൻ ആർബിട്രേഷൻ കോടതിയെ സമീപിച്ചത് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.വിഷയത്തിൽ ഫെബ്രുവരി 2, 3 തീയതികളിൽ കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതിൽ പങ്കെടുക്കില്ല,. ഇന്ത്യയുടെ അഭാവത്തിൽ പാകിസ്‌താന്റെ വാദങ്ങൾ മാത്രം കേട്ട് നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം.

  • Share This Article
Drisya TV | Malayalam News