Drisya TV | Malayalam News

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ളതെന്ന് പറയപ്പെടുന്ന സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്

 Web Desk    2 Feb 2026

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ളതെന്ന് പറയപ്പെടുന്ന സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ ഹര്‍ജി നൽകി. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു. 

സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ആരോപണം.

അതേസമയം, കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്നും കേരളത്തിൽ നടന്ന പല സംഭവങ്ങളെ കോർത്തിണക്കിയാണ് സിനിമയെന്നും സംവിധായകൻ പ്രസാദ് നൂറനാട് പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം അടക്കം സിനിമയിലുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഫെബ്രുവരി ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചതെന്നും പ്രസാദ് നൂറനാട് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News