സംസ്ഥാന സർക്കാരിനെതിരായ പ്രചാരണം ശക്തമാക്കുന്നതിനായുള്ള ‘കടക്ക് പുറത്ത്’ ഡിജിറ്റൽ ക്യാംമ്പെയിന്റെ ഭാഗമായി കുറ്റപത്രവും വെബ്സൈറ്റും പുറത്തിറക്കി കോൺഗ്രസ്. ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ ‘സിംഹാസനത്തിൽ നിന്ന് പുറത്താക്കാൻ’ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങൾക്ക് സർക്കാരിനെതിരായ പരാതികൾ രേഖപ്പെടുത്താനും സൗകര്യമുണ്ട്.
മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക് എത്തിച്ചേരാനാകും. വിവിധ മേഖലകളിലെ സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിൽ ഉയർത്തിക്കാട്ടുന്നത്.