ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. 'ഞങ്ങൾ ഇതിനോടകം ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ അതിന് ഒരുക്കമാണ്, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിനു പകരം വെനസ്വേലൻ എണ്ണ വാങ്ങും', വാഷിംഗ്ടൺ ഡി.സി.യിൽ നിന്ന് ഫ്‌ളോറിഡയിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്‌സ് വണ്ണിലിരുന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് പകരമായി വെനസ്വേലൻ എണ്ണ വാങ്ങണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു.അതേസമയം ട്രംപ് അവകാശപ്പെട്ട വെനസ്വലൻ എണ്ണ കരാർ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.