Drisya TV | Malayalam News

ശക്തിയേറിയ Maia 200 ചിപ്പ് പുറത്തിറക്കി മൈക്രോസോഫ്റ്റ്

 Web Desk    28 Jan 2026

എഐ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി മൈക്രോസോഫ്റ്റ് പുതിയ 'മിയ 200' (Maia 200) ചിപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 10,000 കോടിയിലധികം (100 billion) ട്രാൻസിസ്റ്ററുകളുള്ള ഈ ചിപ്പ് 2023-ൽ പുറത്തിറങ്ങിയ മിയ 100-നേക്കാൾ വേഗതയും കാര്യക്ഷമതയുമുള്ള ചിപ്പാണ്.

മിയ 200 ചിപ്പ് 4-ബിറ്റ് കൃത്യതയിൽ 10 പെറ്റാഫ്ലോപ്‌സ് വേഗത നൽകുന്നു. 8-ബിറ്റ് പ്രവർത്തനത്തിൽ ഇത് ഏകദേശം 5 പെറ്റാഫ്ലോപ് പ്രകടനം കാഴ്ചവെക്കുന്നു. കംപ്യൂട്ടറുകളുടെ കംപ്യൂട്ടിങ് വേഗത അളക്കുന്ന യൂണിറ്റാണ് പെറ്റാഫ്ളോപ്സ്.

എഐ ഇൻഫറൻസ് ജോലികൾ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേകമായി നിർമിച്ച ചിപ്പാണിതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. എഐ മോഡലുകൾ പഠിച്ച കാര്യങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്ത് ഉത്തരങ്ങൾ നൽകുന്ന ഘട്ടമാണിത്. എഐ ഉപയോഗം വർധിച്ചതോടെ കംപ്യൂട്ടിങ് ചെലവ് കുറയ്ക്കാനാണ് കമ്പനികളുടെ ശ്രമം.

ഇതോടൊപ്പം, എഐ സംവിധാനത്തിന്റെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ മിയ 200 സഹായിക്കും. ഈ ചിപ്പിലെ ഒരു നോഡിന് നിലവിലുള്ള വലിയ എഐ മോഡലുകളെല്ലാം എളുപ്പം പ്രവർത്തിപ്പിക്കാൻ കഴിയും. ഭാവിയിൽ വരാനിരിക്കുന്ന ഇതിലും വലിയ മോഡലുകളെ ഉൾക്കൊള്ളാൻ ഈ ചിപ്പിന് ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

  • Share This Article
Drisya TV | Malayalam News