Drisya TV | Malayalam News

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥിനികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

 Web Desk    28 Jul 2025

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 

9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സീന്‍ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇതു മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു. 

എച്ച്പിവി വാക്‌സിനേഷന്‍ സംബന്ധിച്ച അവബോധ പ്രചാരണം സംഘടിപ്പിക്കും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങള്‍ തയാറാക്കുക. പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാല്‍ സ്‌കൂള്‍ തലത്തില്‍ പ്രത്യേക അവബോധം നല്‍കും. ഇതോടൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും അവബോധം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News