Drisya TV | Malayalam News

ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകര്‍ത്തി, 11 ലക്ഷം നഷ്ടപരിഹാരം

 Web Desk    30 Jul 2025

അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസിൽ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ വീട്ടുമുറ്റത്ത് നഗ്നനായി നിൽക്കുന്ന ചിത്രമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ പകർത്തിയത്.

2019 -ലാണ് അർജൻറീന സ്വദേശിയായ വ്യക്തി ഗൂഗിൾ തൻറെ അന്തസ്സിന് കോട്ടം വരുത്തി എന്ന് ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്. ആറടി ഉയരമുള്ള ചുറ്റുമതിലിന് പിന്നിൽ ആയിരുന്നിട്ടും ക്യാമറക്കണ്ണുകളിൽ ഇദ്ദേഹത്തിൻറെ ദൃശ്യങ്ങൾ പതിയുകയായിരുന്നു. പ്രസ്തുത വ്യക്തിയുടെ പുറംതിരിഞ്ഞു നിൽക്കുന്ന നഗ്നചിത്രമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിൻറെ മുഖം ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നില്ല, എന്നാൽ വ്യക്തമായി കാണാമായിരുന്ന അദ്ദേഹത്തിന്റെ വീട്ടു നമ്പറും സ്ട്രീറ്റിന്റെ പേരും ഗൂഗിൾ മറയ്ക്കാതിരുന്നതിനെ തുടർന്നാണ് ഇദ്ദേഹം ഗൂഗിളിനെതിരെ പരാതി നൽകിയത്.

തൻറെ നഗ്നചിത്രം ഗൂഗിളിൽ പ്രചരിച്ചതോടെ ജോലിസ്ഥലത്തും അയൽക്കാർക്കിടയിലും താൻ പരിഹാസപാത്രമായി മാറിയെന്നാണ് ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തനിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. 2019 -ൽ ഫയൽ ചെയ്ത കേസ് ഒരു കീഴ് കോടതി ആദ്യം തള്ളിയെങ്കിലും അദ്ദേഹം വീണ്ടും മേൽ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് ഈ മാസം ആദ്യം അപ്പീൽ പാനൽ കേസ് പരിഗണിക്കുകയും അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും ചെയ്തു.

ചുറ്റുമതിലിന് ആവശ്യത്തിന് ഉയരം ഇല്ലാത്തതിനാലാണ് ദൃശ്യങ്ങൾ പതിഞ്ഞത് എന്നായിരുന്നു ഗൂഗിൾ കോടതിയിൽ വാദിച്ചത്. എന്നാൽ ഗൂഗിളിന്റെ വാദം തള്ളിയ കോടതി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാൻ കഴിയില്ല എന്ന് വിധിപ്രസ്താവം നടത്തുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News