Drisya TV | Malayalam News

തുറന്നിട്ട വാതിലുകളുമായി സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്കു പൂട്ടിടാൻ മോട്ടോർവാഹന വകുപ്പ്

 Web Desk    31 Jul 2025

തുറന്നിട്ട വാതിലുകളുമായി സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്കു പൂട്ടിടാൻ മോട്ടോർവാഹന വകുപ്പ്. ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകൾ സർവീസ് നടത്തുന്നത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കൊല്ലം ജില്ലയിലെമ്പാടും കർശന പരിശോധന നടത്തുമെന്നും ആദ്യം പിഴയും പിന്നീട് പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടിയുമുണ്ടാകുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ ദിലു പറഞ്ഞു.

2017-നുശേഷം പുറത്തിറക്കിയ ബസുകളിൽ ന്യുമാറ്റിക് ഡോർ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ജില്ലയിൽ 650-ലധികം സ്വകാര്യബസുകളുണ്ട്. കണ്ണനല്ലൂർ-കൊട്ടിയം റൂട്ടിലാണ് വാതിൽ തുറന്നിട്ടുള്ള യാത്ര കൂടുതൽ. മഫ്തിയിലും അല്ലാതെയും ഉദ്യോഗസ്ഥർ ബസുകളിൽ കയറി പരിശോധിക്കും.അമിതനിരക്ക് ഈടാക്കുന്ന ഓട്ടോറിക്ഷകളെ പിടികൂടാനും പരിശോധന നടത്തും. യാത്രാനിരക്ക് പ്രദർശിപ്പിക്കാതെ തോന്നിയ നിരക്ക് വാങ്ങുന്നതായി പരാതിയുണ്ട്.

റോഡിൽ ആംബുലൻസുകൾക്ക് അനുവദിച്ചിട്ടുള്ള മുൻഗണന ദുരുപയോഗം ചെയ്യുന്നതും തടയും. അമിതനിരക്ക് വാങ്ങൽ, വ്യക്തിപരമായ ആവശ്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കൽ എന്നിവ തടയും. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കുമെന്നും ആർടിഒ പറഞ്ഞു.

വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർക്കും പരാതിപ്പെടാം. ദൃശ്യം പകർത്തി വാഹന നമ്പർ സഹിതം 9188961202 എന്ന കൺട്രോൾ റൂം നമ്പരിലേക്ക് അയക്കാം.

  • Share This Article
Drisya TV | Malayalam News