കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന് വിദ്യാർഥിക്ക് പരുക്ക്. അഭിഷ്നയെന്ന വിദ്യാർഥിക്കാണ് കാലിൽ പരുക്കേറ്റത്. ഈ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിന് പൊട്ടലുണ്ട്.
കോഴിക്കോട് നഗരസഭ സ്ഥാപിച്ച് കരാർ കമ്പനിക്ക് പരിപാലനത്തിനായി ലീസിനു കൊടുത്ത നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഒന്നാണിത്. നടപ്പാതയോരത്തു മൂന്നു തൂണുകളിലായി സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകളുടെ ചുവടുകൾ ദ്രവിച്ച നിലയിലായിരുന്നു.
നാലോളം പേർ ബസ് കാത്തുനിന്ന ഷെഡ് തകരുന്ന ശബ്ദം കേട്ട് മുന്നോട്ട് ഓടിമാറിയ അഭിഷ്നയുടെ കാലിൽ ഷെഡ് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോളജിനു സമീപത്തു പ്രവർത്തിക്കുന്ന മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ഓടിക്കൂടിയാണ് അഭിഷ്നയെ ഷെഡിനടിയിൽ നിന്ന് നീക്കി ആശുപത്രിയിലേക്ക് മാറ്റിയത്.