Drisya TV | Malayalam News

മനുഷ്യക്കടത്ത് ആരോപിച്ച് ദുർഗിൽ അറസ്റ്റു ചെയ്ത 2 മലയാളി കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകൾ

 Web Desk    28 Jul 2025

മനുഷ്യക്കടത്ത് ആരോപിച്ച് ദുർഗിൽ അറസ്റ്റു ചെയ്ത 2 മലയാളി കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകൾ. മതപരിവർത്തനത്തിനും മനുഷ്യക്കടത്തിനും എതിരെയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. മതപരിവർത്തനത്തിന് എതിരെ ആദ്യത്തെ എഫ്ഐആറില്‍ ഉണ്ടായിരുന്ന വകുപ്പ് പിന്നീട് ഒഴിവാക്കിയതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച് പൊലീസിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.

അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയുമാണ്. സുഖ്മാൻ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി. ബസ്തർ മേഖലയിലെ നാരായൺപുരിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ ഒരു യുവാവ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് രണ്ട് കന്യാസ്ത്രീകൾക്കു കൈമാറിയെന്നാണ് പരാതിയെന്ന് എഫ്ഐആറിൽ പറയുന്നു. സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളുടെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റെയിൽവേ ഉദ്യോഗസ്ഥരിൽ ചിലർ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചു.

  • Share This Article
Drisya TV | Malayalam News