മാർക് സക്കർബർഗിന്റെ മെറ്റാ കമ്പനിയുടെ ഗവേഷണ വിഭാഗമായ റിയാലിറ്റി ലാബ്സ് വികസിപ്പിച്ചെടുത്ത റിസ്റ്റ‌്ബാൻഡിൻ്റെ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. ഇത് കംപ്യൂടിങ് ഉപകരണങ്ങളുമായി നാം ഇടപെടുന്ന രീതിയെ വരും വർഷങ്ങളിൽ മാറ്റിമറിച്ചേക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
പരമ്പരാഗത ടൈപ്പിങ്ങിന്റെ ആയാസമില്ലാതെ പ്രവർത്തിപ്പിക്കാവുന്ന ഈ റിസ്റ്റ്ബാൻഡ് വരുന്നതോടെ കീബോർഡും മൗസും ഉപയോഗിച്ചുള്ള കംപ്യൂട്ടർ ഉപയോഗം ചരിത്രത്തിലേക്ക് മറഞ്ഞേക്കാം. കംപ്യൂട്ടറുകൾക്ക് പുറമെ സ്മാർട്ട്ഫോണുകൾ, സ്‌മാർട്ട് ഗ്ലാസുകൾ എന്നിവയുമായും ഈ റിസ്റ്റ്ബാൻഡ് വഴി സംവദിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രസക്‌തി വർദ്ധിപ്പിക്കുന്നത്. ഒന്നിലും സ്പർശിക്കാതെ ടൈപ്പിങ് നടത്താനും സാധിക്കും.
ഇത് എളുപ്പത്തിൽ ധരിക്കാൻ കഴിയുന്നതും വിവിധ ഉപയോക്താക്കളുടെ ശരീരഘടനയ്ക്ക് അനുയോജ്യമായതുമായ ഒരു ഡ്രൈ ഇലക്ട്രോഡ് സർഫസ് ഇഎംജി റിസ്റ്റ്ബാൻഡ് ആണ്.കൈ ചലിപ്പിക്കുമ്പോൾ കൈത്തണ്ടയിലെ പേശികളിൽ നിന്ന് പുറപ്പെടുന്ന ഇലക്ട്രിക്കൽ മോട്ടോർ നെർവ് സിഗ്നലുകളുടെ സങ്കീർണ്ണമായ പാറ്റേണുകൾ ഇത് തിരിച്ചറിയുന്നു.തുടക്കത്തിൽ കീബോർഡ് ഇല്ലാതെ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാനും, ആംഗ്യങ്ങൾ ഉപയോഗിച്ച് മൗസിന്റെ പ്രവർത്തനം നടത്താനും ഇത് സഹായകമാകും. ഇപ്പോൾ സ്മാർട്ട്ഫോണുകളുടെയും മറ്റും ടച്ച്സ്ക്രീനുകളിൽ ചെയ്യുന്ന ടാപ്പിങ്, പിഞ്ചിങ്, സ്വൈപ്പിങ് എന്നിവയും റിസ്റ്റ്ബാൻഡ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.
കൈയ്യക്ഷരം തിരിച്ചറിയാനുള്ള ശേഷിയും റിസ്റ്റ‌്ബാൻഡിനുണ്ട്. അതിനാൽ ഒരു മേശപ്പുറത്തോ മറ്റ് പ്രതലങ്ങളിലോ എഴുതുന്നത് ഡിജിറ്റലായി മാറ്റാൻ സാധിക്കും. ടൈപ്പിങ് വശമില്ലാത്തവർക്കും ഇത് എളുപ്പമാക്കും. സ്ക്രീനിലേക്ക് നോക്കാതെ പോലും എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യാമെന്നതിനാൽ പൊതുജനമധ്യത്തിലിരുന്ന് പോലും ഒരു സ്വകാര്യ സന്ദേശം ടൈപ്പ് ചെയ്ത് അയക്കാൻ സാധിക്കുമെന്നും പറയുന്നു.
കൈയ്യോ കാലോ അനക്കാൻ സാധിക്കാത്തവരാണെങ്കിൽ പോലും പേശികൾ ചലിപ്പിക്കാൻ സാധിക്കുമെങ്കിൽ മെറ്റായുടെ റിസ്റ്റ്ബാൻഡ് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. കാർണഗി മെലണുമായി (Carnegie Mellon) സഹകരിച്ച് ഇത് പരീക്ഷിച്ചറിയാനാണ് മെറ്റായുടെ ഉദ്ദേശം. ചലനശേഷിയില്ലെങ്കിൽ പോലും റിസ്റ്റ്ബാൻഡ് അണിയുന്ന ആൾ ഉദ്ദേശിച്ചത് എന്താണ് എന്ന് അതിന് തിരിച്ചറിയാൻ സാധിച്ചേക്കാം എന്നും കരുതുന്നു.