ജയിൽ ചാടിയ ബലാത്സംഗ-കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.കണ്ണൂർ അതിസുരക്ഷാ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാൾ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.
തളാപ്പിലുള്ള കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകൾ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയിൽ ചാടിയ വാർത്ത ഇതിനോടകം നാട്ടിൽ പരന്നിരുന്നു.
സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവർ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് ഇയാൾ ഓടിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ജയിലിലെ പത്താം നമ്പർ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതിൽ തുണികൾ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.