ആഡംബരവീട്, പുറത്ത് നയതന്ത്ര നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ച ആംഡബര കാറുകൾ. ഒടുവിൽ ഗാസിയാബാദിൽ പ്രവർത്തിച്ചിരുന്ന വ്യാജ എംബസി പോലീസ് അടച്ചുപൂട്ടി. എംബസി 'നടത്തിപ്പുകാരനെ'യും പോലീസ് കൈയോടെ പിടികൂടി.ഉത്തർപ്രദേശ് പോലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്(എസ്‌ടിഎഫ്) നടത്തിയ പരിശോധനയിലാണ് ഗാസിയാബാദിലെ ആഡംബരവീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ എംബസി കണ്ടെത്തിയത്. ഹർഷവർധൻ ജെയിൻ എന്നയാളാണ് 'വെസ്റ്റ്ആർക്ടിക' എന്ന രാജ്യത്തിൻ്റെ എംബസിയെന്ന പേരിൽ ഇവിടെ ഓഫീസ് ആരംഭിച്ചിരുന്നതെന്നും ഇയാളെ അറസ്റ്റ് ചെയ്‌തതായും പോലീസ് പറഞ്ഞു.
യുഎസ് നാവിക ഉദ്യോഗസ്ഥനായ ട്രാവിസ് മക്ഹെന്റി 2001-ൽ സ്ഥാപിക്കുകയും എന്നാൽ പരമാധികാര രാഷ്ട്രമായി ആരും അംഗീകരിക്കാത്തതുമായ 'മൈക്രോനാഷൻ' ആണ് വെസ്റ്റ്ആർക്ടിക'. ഈ രാജ്യത്തിന്റെ അംബാസഡർ എന്ന പേരിലാണ് ഹർഷവർധൻ ജെയിൻ ഗാസിയാബാദിലെ രണ്ടുനില വീട്ടിൽ ഓഫീസ് സ്ഥാപിച്ചിരുന്നത്.
വെസ്റ്റ്ആർക്ടികയുടെതെന്ന പേരിൽ പതാകയും ഇന്ത്യയുടെ ദേശീയപതാകയും കെട്ടിടത്തിന് മുന്നിൽ ഉയർത്തിയിരുന്നു.അതേസമയം, വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലെയും ഹവാല ഇടപാടുകളിലെയും മുഖ്യകണ്ണിയാണ് ഹർഷവർധനെന്നാണ് പോലീസ് പറയുന്നത്. ജോലിത്തട്ടിപ്പിനും ഹവാല ഇടപാടിനുമുള്ള മറയായാണ് ഇയാൾ 'സ്വന്തം എംബസി' സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.
നയതന്ത്ര നമ്പർപ്ലേറ്റുകൾ പതിച്ച ആഡംബരകാറുകളിലായിരുന്നു ഇയാളുടെ യാത്ര. ഓഫീസിന് മുന്നിലും ഇത്തരത്തിലുള്ള ആഡംബരകാറുകൾ നിർത്തിയിട്ടിരുന്നു. ഇയാളുടെ ഓഫീസിൽ പോലീസ് നടത്തിയ റെയ്‌ഡിൽ വ്യാജ നയതന്ത്ര പാസ്പോർട്ടുകൾ, വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വ്യാജരേഖകൾ, 34 രാജ്യങ്ങളുടെ സീലുകൾ, വിദേശ കറൻസി, 18 നയതന്ത നമ്പർപ്ലേറ്റുകൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. 44 ലക്ഷം രൂപ പണമായും പിടിച്ചെടുത്തിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്കൊപ്പം നിൽക്കുന്നരീതിയിൽ മോർഫ് ചെയ്ത ചിത്രങ്ങളും ഓഫീസിൽനിന്ന് കണ്ടെത്തി.
ജോലിത്തട്ടിപ്പ്, ഹവാല ഇടപാട് എന്നിവയ്ക്ക് പുറമേ വ്യാജരേഖ ചമച്ചതിനും ഹർഷവർധൻ ജെയിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.അനധികൃതമായി സാറ്റലൈറ്റ് ഫോൺ കൈവശംവച്ചതിന് 2011-ൽ ഇയാൾ അറസ്റ്റിലായിരുന്നതായും പോലീസ് പറഞ്ഞു.
യുഎസ് നാവിക ഓഫീസറായിരുന്ന ട്രാവിസ് മക് ഹെൻ റിയാണ് 2001-ൽ 'വെസ്റ്റ്ആർക്ടിക' എന്ന പേരിൽ രാജ്യം സ്ഥാപിച്ച് ഗ്രാൻഡ് ഡ്യൂക്(ഭരണത്തലവൻ) ആയി സ്വയം പ്രഖ്യാപിച്ചത്. അന്റാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന 'വെസ്റ്റ്ആർക്ടിക' 620,000 ചതുരശ്ര മൈൽ വിസ്തീർണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം. എന്നാൽ, ഇവരാരും അവിടെ താമസിക്കുന്നില്ല. 'അൻന്റാർട്ടിക ഉടമ്പടി'യിലെ പഴുത് ഉപയോഗിച്ചാണ് ട്രാവിസ് 'സ്വന്തം രാജ്യം' സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്. ഉടമ്പടിയിൽ അന്റാർട്ടികയിലെ ചിലഭാഗങ്ങളിൽ അവകാശമുന്നയിക്കുന്നതിന് രാജ്യങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്വകാര്യവ്യക്തികളെക്കുറിച്ച് ഉടമ്പടിയിൽ പ്രതിപാദിക്കുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് ട്രാവിസ് അൻ്റാർട്ടികയിൽ സ്വന്തം രാജ്യം പ്രഖ്യാപിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.